< സങ്കീർത്തനങ്ങൾ 49 >
1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക; ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.
2 താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
3 എന്റെ വായ് ജ്ഞാനം സംസാരിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
4 സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും; കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?
6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
8 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും, ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം, അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.
12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല; അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.
13 സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും, അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. (സേലാ)
ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. (സേലാ)
14 അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും. (Sheol )
അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. (Sheol )
15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. (സേലാ) (Sheol )
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. (സേലാ) (Sheol )
16 മറ്റുള്ളവരുടെ ധനം വർധിക്കുകയോ അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.
17 കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല, അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.
18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും— അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.