< സങ്കീർത്തനങ്ങൾ 48 >

1 ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, കർത്താവിന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2 മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.
മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി,
ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; അവർ ഒന്നിച്ച് കടന്നുപോയി.
5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു.
അവർ അത് കണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി.
6 അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.
7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു.
8 ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. (സേലാ)
നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. (സേലാ)
9 ദൈവമേ, അവിടത്തെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
ദൈവമേ, അങ്ങയുടെ മന്ദിരത്തിൽ വച്ച് ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
൧൦ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
11 അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻപർവതം ആനന്ദിക്കുകയും യെഹൂദാപട്ടണങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
൧൧അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദജനം ആനന്ദിക്കുകയും ചെയ്യുന്നു.
12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,
൧൨സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.
13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
൧൩വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി.
൧൪ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.

< സങ്കീർത്തനങ്ങൾ 48 >