< സങ്കീർത്തനങ്ങൾ 40 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2 വഴുവഴുപ്പുള്ള കുഴിയിൽനിന്നും ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു; അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
3 എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ. പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.
അവിടുന്ന് എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും വ്യാജദൈവങ്ങളിലേക്കു തിരിയാതെയും യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യർ അനുഗൃഹീതർ.
യഹോവയെ തന്റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5 എന്റെ ദൈവമായ യഹോവേ, അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു. അവിടത്തോട് സദൃശനായി ആരുമില്ല; അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ അവ വർണനാതീതമായിരിക്കും.
എന്റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ വിചാരങ്ങളും അനവധി ആകുന്നു; അങ്ങേക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
6 യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല— എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു— സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.
ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; അങ്ങ് എന്റെ ചെവികൾ തുറന്നിരിക്കുന്നു. ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല.
7 അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു— തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; അവിടുത്തെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”.
9 മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു; യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല, എന്ന് അങ്ങേക്ക് അറിയാമല്ലോ.
ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു; അധരങ്ങൾ ഞാൻ അടക്കിവച്ചില്ല; യഹോവേ, അവിടുന്ന് അറിയുന്നു.
10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല; അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു. അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
൧൦ഞാൻ അങ്ങയുടെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.
11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.
൧൧യഹോവേ, അങ്ങയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല; അങ്ങയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12 അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു. അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം, എന്റെ മനോവീര്യം ചോർന്നുപോകുന്നു.
൧൨അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13 യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
൧൩യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ; യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
14 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
൧൪എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
15 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.
൧൫“നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.
16 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
൧൬അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അവിടുത്തെ സന്നിധിയിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ; അങ്ങയുടെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
17 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; കർത്താവ് എന്നെ ഓർക്കുന്നു. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.
൧൭ഞാൻ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; അവിടുന്ന് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

< സങ്കീർത്തനങ്ങൾ 40 >