< സങ്കീർത്തനങ്ങൾ 38 >

1 ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം. യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
2 അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു, തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.
അങ്ങയുടെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; അവിടുത്തെ കൈ എന്റെ മേൽ ഭാരമായിരിക്കുന്നു.
3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.
അങ്ങയുടെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4 എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.
എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.
എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
6 ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു; ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.
ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.
എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല.
8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.
ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.
കർത്താവേ, എന്റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10 എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു; എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
൧൦എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
൧൧എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു, എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു; ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.
൧൨എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, സംസാരിക്കാനാകാത്ത മൂകനെപ്പോലെയും
൧൩എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14 അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു
൧൪ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
15 യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.
൧൫യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും.
16 “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.
൧൬“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.
17 കാരണം ഞാൻ വീഴാറായിരിക്കുന്നു, എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.
൧൭ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.
൧൮ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.
൧൯എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20 ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ, അവർ എനിക്കു വിരോധികളായിരിക്കുന്നു.
൨൦ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.
൨൧യഹോവേ, എന്നെ കൈ വിടരുതേ; എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22 എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ.
൨൨എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ.

< സങ്കീർത്തനങ്ങൾ 38 >