< സങ്കീർത്തനങ്ങൾ 32 >
1 ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യർ, അനുഗൃഹീതർ.
ദാവീദിന്റെ ഒരു ധ്യാനം. ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
2 യഹോവ, പാപം കണക്കാക്കാതെയും ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, അനുഗൃഹീതർ.
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ, ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.
ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4 രാവും പകലും അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു; വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. (സേലാ)
രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. (സേലാ)
5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. “എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം അങ്ങു ക്ഷമിച്ചുതന്നു. (സേലാ)
ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. (സേലാ)
6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം അവരെ എത്തിപ്പിടിക്കുകയില്ല.
ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. (സേലാ)
നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. (സേലാ)
8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും; നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
9 വിവേകശൂന്യമായ കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്, അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.
നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.
ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക; ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.