< സങ്കീർത്തനങ്ങൾ 18 >

1 സംഗീതസംവിധായകന്. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു: എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
യഹോവ അവനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്തു അവൻ ഈ സംഗീതവാക്യങ്ങളെ യഹോവക്കു പാടി. എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2 യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്.
യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
3 സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു.
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
4 മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി.
മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5 പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. (Sheol h7585)
പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു. (Sheol h7585)
6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി.
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
7 ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി.
ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
8 അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു.
അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
9 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു.
അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.
10 അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു.
അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
11 അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.
അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12 ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു.
അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു.
13 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു, ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ.
യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14 അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു.
അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
15 യഹോവേ, അവിടത്തെ ശാസനയാൽ, അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ, സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു.
യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16 അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
17 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു.
ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.
18 എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി.
എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
19 അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു.
അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
20 എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു.
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
21 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല.
ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
22 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.
അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല.
23 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു.
ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
24 എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ.
യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി.
25 വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു.
ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
26 നിർമലരോട് അവിടന്ന് നിർമലതയോടും; എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു.
നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
27 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു.
എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28 യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ; എന്റെ ദൈവം എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു.
നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29 അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30 ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31 യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്?
യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
32 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
33 അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു.
അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
34 എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു.
അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
35 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി, അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.
നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.
ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37 ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല.
ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38 ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു.
അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു.
39 ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു.
യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40 യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു.
എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല.
അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.
42 കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു.
ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
43 ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയാക്കി. ഞാൻ അറിയാത്ത രാഷ്ട്രങ്ങളിലെ ജനം എന്നെ സേവിക്കുന്നു,
ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു.
അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
45 അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു.
അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.
46 യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനായ ദൈവം അത്യുന്നതൻ!
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
47 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു,
ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
48 അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു.
അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
49 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും.
അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50 അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലസ്നേഹം പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും എന്നേക്കുംതന്നെ.
അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.

< സങ്കീർത്തനങ്ങൾ 18 >