< സങ്കീർത്തനങ്ങൾ 147 >
1 യഹോവയെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!
൧യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
2 യഹോവ ജെറുശലേമിനെ പണിയുന്നു; അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
൨യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
൩മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
൪ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
൫നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല.
6 യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
൬യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7 യഹോവയ്ക്ക് നന്ദിയോടെ പാടുക; കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
൭സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
൮കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
9 അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
൯ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
10 കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
൧൦അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11 തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
൧൧തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12 ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
൧൨യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13 അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
൧൩ദൈവം നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14 അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
൧൪കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു.
15 അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
൧൫ദൈവം തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു.
16 അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
൧൬ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17 അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
൧൭അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
18 അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു; അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
൧൮ദൈവം തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19 അവിടത്തെ വചനം യാക്കോബിനും അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
൧൯ദൈവം യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20 മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല; അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്. യഹോവയെ വാഴ്ത്തുക.
൨൦അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; കർത്താവിന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.