< സങ്കീർത്തനങ്ങൾ 127 >
1 ശലോമോന്റെ ആരോഹണഗീതം. യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.
ശലമോന്റെ ഒരു ആരോഹണഗീതം. യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.
നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം. ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള പുരുഷൻ അനുഗൃഹീതൻ. നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ അവർ ലജ്ജിതരാകുകയില്ല.
അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.