< സങ്കീർത്തനങ്ങൾ 108 >
1 ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും.
ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീൎത്തനം പാടും.
2 വീണയേ, കിന്നരമേ, ഉണരുക! ഞാൻ ഉഷസ്സിനെ ഉണർത്തും.
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും.
3 യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും; ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീൎത്തനം പാടും.
4 കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം; അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ; അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയൎന്നിരിക്കേണമേ; നിന്റെ മഹത്വം സൎവ്വഭൂമിക്കും മീതെ തന്നേ.
6 ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
7 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു: “ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
8 ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.
10 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും? ഏദോമിലേക്ക് എന്നെ ആര് നയിക്കും?
ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?
11 ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഞങ്ങളെ തിരസ്കരിച്ചത്! ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
12 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യൎത്ഥമല്ലോ.
13 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
ദൈവത്താൽ നാം വീൎയ്യം പ്രവൎത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.