< സങ്കീർത്തനങ്ങൾ 10 >

1 യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്?
യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്?
2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു; ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.
4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല; അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു; അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു; അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.
അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; അങ്ങയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”
“ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു; അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.
അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
8 അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു;
അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു.
9 ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു.
സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.
10 അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.
൧൦അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
11 “ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു; “തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു.
൧൧“ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്റെ മുഖം മറച്ചിരിക്കുന്നു; ദൈവം ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
12 യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ.
൧൨യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ.
13 ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്?
൧൩ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
14 എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ; അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു. അശരണർ തിരുമുമ്പിൽ അഭയംതേടുന്നു; അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ.
൧൪അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു.
15 ദുഷ്ടരുടെ കൈ തകർക്കണമേ; തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ.
൧൫ദുഷ്ടന്റെ ഭുജത്തെ അവിടുന്ന് ഒടിക്കണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും.
൧൬യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജനതതികൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു.
17 യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു; അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ,
൧൭ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
18 അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ, അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും ആരുടെയുംമേൽ ഭീതിവരുത്തുകയില്ല.
൧൮യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.

< സങ്കീർത്തനങ്ങൾ 10 >