< സദൃശവാക്യങ്ങൾ 31 >
1 ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ.
൧ലെമൂവേൽ രാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാട്.
2 എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ.
൨മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്?
3 നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്.
൩സ്ത്രീകൾക്ക് നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, സുരാപാനം രാജാക്കന്മാർക്കനുചിതം, മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,
൪വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.
5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.
൫അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!
൬നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.
7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.
൭അവൻ മദ്യപിച്ചിട്ട്, തന്റെ ദാരിദ്ര്യം മറക്കുകയും തന്റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക, അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.
൮ഊമനു വേണ്ടി നിന്റെ വായ് തുറക്കുക; ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.
9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക; ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.
൯നിന്റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.
10 ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.
൧൦സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്.
11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.
൧൧ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
12 അവളുടെ ജീവിതകാലമെല്ലാം അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.
൧൨അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13 അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച് ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു.
൧൩അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.
14 അവൾ വ്യാപാരക്കപ്പൽപോലെയാണ് വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു.
൧൪അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15 ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു അവളുടെ കുടുംബത്തിനു ഭക്ഷണവും വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു.
൧൫അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.
16 അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു; അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു.
൧൬അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; സമ്പാദ്യം കൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
17 അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു; അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം.
൧൭അവൾ ബലംകൊണ്ട് അരമുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.
18 തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു, അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല.
൧൮തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19 തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്.
൧൯അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; അവളുടെ വിരൽ തക്ളി പിടിക്കുന്നു.
20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.
൨൦അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.
21 ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു.
൨൧തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.
22 അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു.
൨൨അവൾ തനിക്ക് പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
23 നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്, ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു.
൨൩ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
24 അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു.
൨൪അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു; അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.
൨൫ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു, അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്.
൨൬അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27 തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല.
൨൭വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
28 അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു:
൨൮അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്ന് പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:
29 “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്, എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.”
൨൯“അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു”.
30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്; എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.
൩൦ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31 അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക, അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ.
൩൧അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.