< സദൃശവാക്യങ്ങൾ 29 >

1 ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും.
തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.
2 നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു.
നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.
3 ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു.
ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
4 ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു.
രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
5 തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു.
കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
6 ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു.
ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7 നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല.
നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
8 പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു.
പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
9 ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല.
ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10 രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു.
൧൦രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11 ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു.
൧൧മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.
12 ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും.
൧൨അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.
13 ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു.
൧൩ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
14 രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും.
൧൪അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.
൧൫വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.
16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.
൧൬ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും.
17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.
൧൭നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
18 ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ.
൧൮വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19 കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല.
൧൯ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ; അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20 ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്.
൨൦വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
21 ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും.
൨൧ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
22 കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു.
൨൨കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
23 അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു.
൨൩മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
24 മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല.
൨൪കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.
25 മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.
൨൫മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
26 ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്.
൨൬അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.
27 നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.
൨൭നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

< സദൃശവാക്യങ്ങൾ 29 >