< സദൃശവാക്യങ്ങൾ 26 >
1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.
വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
2 പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.
കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
3 കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി!
കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.
4 ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും.
നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
5 ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ, അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക.
മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
6 ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്.
മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
7 മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
8 കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്.
മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
9 മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
10 കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ് ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ.
എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
11 നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ, ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും.
നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.
12 സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.
തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
13 അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!”
വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
14 ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു.
കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
15 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്.
മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
16 വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു.
ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
17 താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്.
തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18 അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;
കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ
19 മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം.
തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20 വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.
വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
21 കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.
കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
22 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.
സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.
പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.
അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.
അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.
ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.