< സദൃശവാക്യങ്ങൾ 21 >

1 രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്; തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു.
രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു.
2 ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു, എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു.
മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.
നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.
4 അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും— ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു.
ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
5 ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു, ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം.
ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേയ്ക്ക് നയിക്കുന്നു; തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേയ്ക്ക് പോകുവാൻ ബദ്ധപ്പെടുന്നു.
6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.
കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
7 ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും, കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല.
ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു; ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ.
8 അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്, എന്നാൽ നിഷ്കളങ്കരുടെ പ്രവർത്തനമോ, നേരുള്ളത്.
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.
9 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.
ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
10 ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു; അവരുടെ അയൽവാസിക്ക് അവരിൽനിന്നു യാതൊരുവിധ കരുണയും ലഭിക്കുന്നില്ല.
൧൦ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല.
11 പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു; ജ്ഞാനിയെ ഉപദേശിക്കുക, അവർ പരിജ്ഞാനം ആർജിക്കുന്നു.
൧൧പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
12 നീതിമാനായവൻ ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും ദുഷ്ടരെ ദുരന്തത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു.
൧൨നീതിമാനായ ദൈവം ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു.
13 ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ രോദനത്തിനും ഉത്തരം ലഭിക്കുകയില്ല.
൧൩എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.
14 രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും.
൧൪രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15 നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും.
൧൫ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
16 വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു.
൧൬വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17 സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും; വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല.
൧൭ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.
18 ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; വഞ്ചകർ പരമാർഥിക്കും.
൧൮ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.
19 കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം.
൧൯ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.
20 ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു.
൨൦ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.
21 നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും.
൨൧നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
22 ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും.
൨൨ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.
23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു.
൨൩വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു.
24 അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— മഹാഗർവത്തോടെ പെരുമാറുന്നു.
൨൪നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25 അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു.
൨൫മടിയന്റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26 ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു.
൨൬ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27 ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം!
൨൭ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
28 കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും.
൨൮കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.
29 ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു.
൨൯ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു.
30 യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല.
൩൦യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
31 യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു.
൩൧കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽനിന്ന് വരുന്നു.

< സദൃശവാക്യങ്ങൾ 21 >