< സദൃശവാക്യങ്ങൾ 20 >

1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
2 രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു.
രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
3 കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു.
കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.
മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു.
മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും?
മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?
7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.
പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.
8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു.
ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.
9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും?
ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം?
10 വ്യാജ അളവും വ്യാജ തൂക്കവും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.
൧൦രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.
11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു.
൧൧ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം.
12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി.
൧൨കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13 ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും.
൧൩ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും.
14 “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു.
൧൪വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
15 സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം.
൧൫പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
16 അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക.
൧൬അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.
17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും.
൧൭വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും.
18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്.
൧൮പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
19 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്.
൧൯നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.
20 നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും.
൨൦ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21 തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല.
൨൧ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും.
൨൨ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല.
൨൩രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.
24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും?
൨൪മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
25 ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്.
൨൫“ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
26 ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു.
൨൬ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
27 യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു.
൨൭മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.
28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു.
൨൮ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29 ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, നരച്ചതല വൃദ്ധർക്കു ഗാംഭീര്യം.
൨൯യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30 ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു, പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു.
൩൦ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

< സദൃശവാക്യങ്ങൾ 20 >