< സദൃശവാക്യങ്ങൾ 13 >

1 ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല.
ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2 തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അക്രമങ്ങളിൽ ആസക്തരാണ്.
തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3 തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു.
അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
4 അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല, എന്നാൽ സ്ഥിരോത്സാഹിയുടെ ആഗ്രഹങ്ങൾക്കു പരിപൂർണതൃപ്തിവരുന്നു.
മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
5 നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു, എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി സ്വയം അപമാനം വിളിച്ചുവരുത്തുന്നു.
നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
6 നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു.
നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
7 ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു, മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു.
ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
8 ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം, എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല.
മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
9 നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു, എന്നാൽ ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുന്നു.
നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10 എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്, എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്.
൧൦അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11 കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും, എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും.
൧൧അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.
൧൨ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13 ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും, എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും.
൧൩വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14 ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
൧൪ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15 നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു നയിക്കുന്നു.
൧൫സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.
16 വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു.
൧൬സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17 ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു.
൧൭ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18 ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും.
൧൮പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19 അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു.
൧൯ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!
൨൦ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21 അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു.
൨൧ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22 നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
൨൨ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23 ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു.
൨൩സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.
൨൪വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
25 നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു, എന്നാൽ ദുഷ്ടരുടെ ഉദരത്തിൽ വിശപ്പിനു ശമനംവരികയില്ല.
൨൫നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

< സദൃശവാക്യങ്ങൾ 13 >