< സംഖ്യാപുസ്തകം 1 >
1 സീനായിമരുഭൂമിയിൽ സമാഗമകൂടാരത്തിൽ യഹോവ മോശയോട് സംസാരിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്നും പുറപ്പെട്ടതിന്റെ രണ്ടാംവർഷം രണ്ടാംമാസം ഒന്നാംതീയതി ആയിരുന്നു അത്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:
2 “ഇസ്രായേൽസമൂഹത്തെയെല്ലാം പിതൃഭവനം തിരിച്ചും കുടുംബം തിരിച്ചും സകലപുരുഷന്മാരുടെയും പേര് പട്ടികയിൽപ്പെടുത്തി ഒരു ജനസംഖ്യയെടുക്കണം.
3 സൈന്യസേവനം ചെയ്യാൻ പ്രാപ്തിയുള്ളവരായ ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായ ഇസ്രായേൽപുരുഷന്മാരെ നീയും അഹരോനും ഗണംഗണമായി എണ്ണണം.
4 ഓരോ ഗോത്രത്തിൽനിന്നും ഓരോ പിതൃഭവനത്തലവൻ നിങ്ങളെ സഹായിക്കട്ടെ.
5 “നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്: “രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;
6 ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ പുത്രൻ ശെലൂമിയേൽ
7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ പുത്രൻ നഹശോൻ;
8 യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ പുത്രൻ നെഥനയേൽ;
9 സെബൂലൂൻഗോത്രത്തിൽ ഹേലോന്റെ പുത്രൻ എലീയാബ്;
10 യോസേഫിന്റെ പുത്രന്മാരിൽ: എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ പുത്രൻ എലീശാമ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ പുത്രൻ ഗമാലിയേൽ;
11 ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ പുത്രൻ അബീദാൻ;
12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസെർ;
13 ആശേർഗോത്രത്തിൽ ഒക്രാന്റെ പുത്രൻ പഗീയേൽ;
14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ പുത്രൻ എലീയാസാഫ്;
15 നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”
16 ഇവരായിരുന്നു ഇസ്രായേൽസമൂഹത്തിൽനിന്നും നിയമിതരായ പിതൃഭവനത്തലവന്മാർ. ഇവർ ഇസ്രായേലിൽ സഹസ്രങ്ങൾക്ക് അധിപതിമാരായിരുന്നു.
17 നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും കൂട്ടിവരുത്തി.
18 തുടർന്ന് അവർ രണ്ടാംമാസം ഒന്നാംതീയതി സകല ഇസ്രായേൽസമൂഹത്തെയും വിളിച്ചുവരുത്തി. ജനങ്ങൾ ഗോത്രങ്ങളായും കുടുംബങ്ങളായും തങ്ങളുടെ വംശവിവരം അറിയിക്കുകയും ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള പുരുഷന്മാരുടെ ഓരോരുത്തരുടെയും പേര് പട്ടികയിൽ ചേർക്കുകയും ചെയ്തു.
19 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി:
20 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
21 രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ.
22 ശിമെയോന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
23 ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ.
24 ഗാദിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
25 ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ.
26 യെഹൂദയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
27 യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ 74,600 പേർ.
28 യിസ്സാഖാറിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
29 യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ.
30 സെബൂലൂന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
31 സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ.
32 യോസേഫിന്റെ മക്കളിൽ: എഫ്രയീമിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
33 എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ.
34 മനശ്ശെയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
35 മനശ്ശെ ഗോത്രത്തിൽനിന്ന് ഉള്ളവർ 32,200 പേർ.
36 ബെന്യാമീന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
37 ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ.
38 ദാന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
39 ദാൻഗോത്രത്തിൽനിന്ന് ഉള്ളവർ 62,700 പേർ.
40 ആശേരിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
41 ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ.
42 നഫ്താലിയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
43 നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ.
44 മോശയും അഹരോനും പിതൃഭവനത്തലവന്മാരായ പന്ത്രണ്ട് ഇസ്രായേൽ പ്രഭുക്കന്മാരുംകൂടി തങ്ങളുടെ ഗോത്രങ്ങളിൽനിന്നും എണ്ണിയ പുരുഷന്മാർ ഇവരായിരുന്നു.
45 ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള സകല ഇസ്രായേല്യരെയും അവരുടെ കുടുംബങ്ങളായി എണ്ണി.
46 അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു.
47 ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല.
48 യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു:
49 “നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്.
50 പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം.
51 സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം.
52 ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം.
53 ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”
54 യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.