< സംഖ്യാപുസ്തകം 9 >
1 അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്:
൧അവർ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:
2 “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം.
൨“യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കണം.
3 അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.”
൩അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത് ആചരിക്കണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കണം”.
4 അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു,
൪‘പെസഹ ആചരിക്കണമെന്ന്’ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.
5 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.
൫അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.
6 എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്,
൬എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്ന് തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:
7 മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?”
൭“ഞങ്ങൾ ഒരുവന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത്” എന്ന് ചോദിച്ചു.
8 മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.”
൮മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്ന് ഞാൻ കേൾക്കട്ടെ” എന്ന് പറഞ്ഞു.
9 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു:
൯അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്
10 “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം.
൧൦“നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കണം.
11 അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം.
൧൧രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കണം.
12 അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം.
൧൨രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കണം.
13 എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം.
൧൩എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കണം.
14 “‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’”
൧൪നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കണം.
15 സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു.
൧൫തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
16 —അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു.
൧൬അത് എല്ലായ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു.
17 കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും.
൧൭മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും.
18 യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു.
൧൮യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും.
19 മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു.
൧൯മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു.
20 ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും.
൨൦ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
21 ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും.
൨൧ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
22 സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും.
൨൨രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും.
23 യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.
൨൩യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.