< സംഖ്യാപുസ്തകം 36 >
1 യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു.
യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:
2 അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ.
യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാൎക്കു കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
3 എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും.
എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവൎക്കും ഭാൎയ്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.
4 ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടുകൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.
5 അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ.
അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
6 സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം.
യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാൎയ്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവൎക്കു ഭാൎയ്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവൎക്കു മാത്രമേ ആകാവു.
7 ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം.
യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേൎന്നിരിക്കേണം;
8 ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്.
യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാൎയ്യയാകേണം.
9 അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേൎന്നിരിക്കേണം.
10 അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.
11 സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു.
ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാൎക്കു ഭാൎയ്യമാരായി.
12 യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാൎയ്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
13 യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.
യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.