< സംഖ്യാപുസ്തകം 34 >

1 യഹോവ മോശയോട് അരുളിച്ചെയ്തു:
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും:
“യിസ്രായേൽ മക്കളോട് നീ കല്പിക്കേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം.
3 “‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ അതിരുമുതൽ,
തെക്കെഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം.
4 അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട്
പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.
5 അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും.
പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ് നദിയിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം.
6 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്.
പടിഞ്ഞാറ് മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിര്.
7 വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും.
വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും
8 അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി,
അവിടെനിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിര് അവസാനിക്കണം;
9 സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി.
പിന്നെ അതിര് സിഫ്രോൻവരെ ചെന്ന് ഹസർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിര്.
10 കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും.
൧൦കിഴക്ക് ഹസർ-ഏനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം.
11 ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും.
൧൧ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്ക് ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത് കടലിന്‍റെ കിഴക്കെ കരയോട് ചേർന്നിരിക്കണം.
12 പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും. “‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’”
൧൨അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”.
13 മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.
൧൩മോശെ യിസ്രായേൽ മക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതുതന്നെ.
14 എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
൧൪രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”.
15 ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.”
൧൫ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരിഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.
16 യഹോവ മോശയോട് അരുളിച്ചെയ്തു:
൧൬പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും.
൧൭“ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇതാ: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
18 കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക.
൧൮ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം.
19 “ഇവയാണ് അവരുടെ പേരുകൾ: “യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്.
൧൯അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
20 ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
൨൦ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21 ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്.
൨൧ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.
22 ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
൨൨ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
23 യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.
൨൩യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.
24 എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
൨൪എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
25 സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
൨൫സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
26 യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ.
൨൬യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.
27 ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്.
൨൭ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.
28 നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.”
൨൮നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.
29 കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.
൨൯യിസ്രായേൽ മക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.

< സംഖ്യാപുസ്തകം 34 >