< സംഖ്യാപുസ്തകം 3 >
1 സീനായിമലയിൽ യഹോവ മോശയോടു സംസാരിച്ച കാലത്ത് അഹരോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു:
൧യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്:
2 അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
൨അഹരോന്റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
3 പൗരോഹിത്യശുശ്രൂഷചെയ്യാൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അഹരോന്റെ പുത്രന്മാരായ അഭിഷിക്തപുരോഹിതന്മാരുടെ പേരുകൾ ഇവതന്നെ.
൩പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട്, അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ.
4 ഇവരിൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ച് യഹോവയുടെ തിരുമുമ്പാകെ അന്യാഗ്നി കൊണ്ടുവന്നതു നിമിത്തം അവിടെ വീണ് മരിച്ചുപോയിരുന്നു. അവർക്കു പുത്രന്മാരില്ലായിരുന്നു; അതുകൊണ്ട് എലെയാസാരും ഈഥാമാരുംമാത്രമാണ് തങ്ങളുടെ പിതാവായ അഹരോന്റെ കാലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തത്.
൪എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
5 യഹോവ മോശയോട് അരുളിച്ചെയ്തു:
൫യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
6 “പുരോഹിതനായ അഹരോനെ സഹായിക്കുന്നതിനായി ലേവിഗോത്രത്തെ കൂട്ടിവരുത്തുക.
൬“നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക.
7 അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം.
൭അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യണം.
8 സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം.
൮അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽ മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യണം.
9 ലേവ്യരെ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കുമായി ഏൽപ്പിച്ചുകൊടുക്കുക; അദ്ദേഹത്തിനു പരിപൂർണമായി ഏൽപ്പിക്കപ്പെടേണ്ട ഇസ്രായേല്യർ അവരാണ്.
൯നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവന് സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
10 പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.”
൧൦അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കണം”.
11 യഹോവ മോശയോടു വീണ്ടും പറഞ്ഞു:
൧൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
12 “എല്ലാ ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതന്മാർക്കു പകരമായി ഇസ്രായേല്യരിൽനിന്ന് ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. ലേവ്യർ എനിക്കുള്ളവരാകുന്നു,
൧൨“യിസ്രായേൽ മക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം.
13 കാരണം സകല ആദ്യജാതന്മാരും എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിലെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോൾ ഇസ്രായേലിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒക്കെയും എനിക്കായി വേർതിരിച്ചു. അവർ എനിക്കുള്ളവർ; ഞാൻ യഹോവ ആകുന്നു.”
൧൩കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കണം; ഞാൻ യഹോവ ആകുന്നു”.
14 യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു:
൧൪യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:
15 “ലേവ്യരെ കുടുംബമായും പിതൃഭവനമായും എണ്ണണം. ഒരുമാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെയൊക്കെയും എണ്ണണം.”
൧൫“ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണണം”.
16 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ അവരെ എണ്ണി.
൧൬തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17 ലേവിയുടെ മക്കളുടെ പേരുകൾ ഇവയായിരുന്നു: ഗെർശോൻ, കെഹാത്ത്, മെരാരി.
൧൭ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
18 കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ: ലിബ്നി, ശിമെയി.
൧൮കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
19 കുടുംബം കുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
൧൯ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
20 കുടുംബം കുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. പിതൃഭവനപ്രകാരം ലേവ്യകുടുംബങ്ങൾ ഇവയായിരുന്നു.
൨൦കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർ തന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
21 ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ.
൨൧ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമെയ്യ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.
22 ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500.
൨൨അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ്.
23 ഗെർശോന്യകുലങ്ങൾ പടിഞ്ഞാറുഭാഗത്ത് സമാഗമകൂടാരത്തിനു പിന്നിൽ പാളയമടിക്കണം.
൨൩ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറുഭാഗത്ത് പാളയമിറങ്ങണം.
24 ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു.
൨൪ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.
25 സമാഗമകൂടാരത്തിൽ ഗെർശോന്യർ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നത് സമാഗമകൂടാരം, തിരുനിവാസം, അതിന്റെ മൂടുവിരികൾ, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല,
൨൫സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും
26 കൂടാരാങ്കണകവാടത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റി അങ്കണകവാടത്തിലുള്ള മറശ്ശീല, അതിന്റെ കയറുകൾ, അതിന്റെ ഉപയോഗത്തിനുള്ള എല്ലാ അനുബന്ധ ഉപകരണങ്ങൾ എന്നിവ ആയിരുന്നു.
൨൬തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.
27 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നീ കുലങ്ങൾ കെഹാത്തിനുള്ളവയായിരുന്നു; ഇവയായിരുന്നു കെഹാത്യ പിതൃഭവനങ്ങൾ.
൨൭കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
28 ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 8,600. കെഹാത്യർക്കായിരുന്നു വിശുദ്ധമന്ദിരം സൂക്ഷിക്കുന്ന ചുമതല.
൨൮ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് പേർ.
29 കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്.
൨൯കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്ക് ഭാഗത്ത് പാളയമിറങ്ങണം.
30 കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിനു പ്രഭു ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ ആയിരുന്നു.
൩൦കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കണം.
31 പേടകം, മേശ, വിളക്കുതണ്ട്, യാഗപീഠങ്ങൾ, ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, മറശ്ശീല എന്നിവയും അവയുടെ ഉപയോഗത്തോടു ബന്ധപ്പെട്ട സകലതും ഈ നാലു കുലങ്ങളുടെ ചുമതലയിലായിരുന്നു.
൩൧അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു.
32 പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരായിരുന്നു ലേവ്യരുടെ പ്രധാന പ്രഭു. വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിനു ചുമതലപ്പെട്ടവരുടെ മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
൩൨പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കണം.
33 മഹ്ലീയരുടെയും മൂശ്യരുടെയും കുടുംബങ്ങൾ മെരാരിയിൽനിന്നുള്ളവയായിരുന്നു; ഇവയായിരുന്നു മെരാര്യകുടുംബങ്ങൾ.
൩൩മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
34 അവരിൽ ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങൾ 6,200.
൩൪അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് പേർ.
35 മെരാര്യകുടുംബങ്ങളുടെ പ്രഭു അബീഹയീലിന്റെ പുത്രൻ സൂരിയേലായിരുന്നു. സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്ത് അവർ പാളയമടിക്കണം.
൩൫മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കണം; ഇവർ തിരുനിവാസത്തിന്റെ വടക്കുഭാഗത്ത് പാളയമിറങ്ങണം.
36 സമാഗമകൂടാരത്തിന്റെ ചട്ടക്കൂടുകൾ, അതിന്റെ സാക്ഷകൾ, തൂണുകൾ, ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ സകലതും,
൩൬മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും,
37 കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
൩൭പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു.
38 മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്, സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം. ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ. വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു.
൩൮എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽ മക്കൾക്കുവേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.
39 യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും കുടുംബങ്ങൾ അനുസരിച്ച് എണ്ണിയ ലേവ്യർ, ഒരുമാസമോ അതിലധികമോ പ്രായമുള്ള സകല ആണുങ്ങളുടെയും എണ്ണം 22,000 ആയിരുന്നു.
൩൯മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേര്.
40 യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: “ഒരുമാസവും അതിലധികവും പ്രായമുള്ളവരായ ഇസ്രായേല്യരിലെ ആദ്യജാതരായ ആണുങ്ങളെ എല്ലാവരെയും എണ്ണി അവരുടെ പേരുകളുടെ ഒരു പട്ടിക തയ്യാറാക്കുക.
൪൦യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “യിസ്രായേൽ മക്കളിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളുടെ പേരുവിവരപ്രകാരം എണ്ണി അവരുടെ സംഖ്യ എടുക്കുക.
41 ഇസ്രായേല്യരിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളിലെ സകലകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ യഹോവ ആകുന്നു.”
൪൧യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കണം; ഞാൻ യഹോവ ആകുന്നു”.
42 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ഇസ്രായേല്യരിലെ സകല ആദ്യജാതന്മാരെയും എണ്ണി.
൪൨യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യിസ്രായേൽ മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
43 പട്ടികയിൽ പേരു ചേർത്ത ഒരുമാസമോ അതിലധികമോ പ്രായമുള്ള ആദ്യജാതരായ ആണുങ്ങൾ 22,273 ആയിരുന്നു.
൪൩ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുവിവരപ്രകാരം എണ്ണിയ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്റി എഴുപത്തിമൂന്ന് ആയിരുന്നു.
44 യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു:
൪൪യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
45 “ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും, അവരുടെ കന്നുകാലികൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക. ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. ഞാൻ യഹോവ ആകുന്നു.
൪൫“യിസ്രായേൽ മക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്ക് പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്കുക; ലേവ്യർ എനിക്കുള്ളവരായിരിക്കണം; ഞാൻ യഹോവ ആകുന്നു.
46 ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരിൽ ലേവ്യപുരുഷന്മാരുടെ സംഖ്യയെ കവിയുന്ന 273 പേരും, വീണ്ടെടുപ്പുവിലയായി,
൪൬യിസ്രായേൽ മക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ച് ശേക്കെൽ വീതം വാങ്ങണം;
47 ആളാംപ്രതി അഞ്ചുശേക്കേൽ വീതം വാങ്ങുക. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം, ശേക്കേൽ ഒന്നിന് ഇരുപതു ഗേരാവീതം വാങ്ങണം.
൪൭വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപത് ഗേരാവച്ച് വാങ്ങണം.
48 ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇസ്രായേല്യരുടെ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും നൽകണം.”
൪൮അവരുടെ എണ്ണത്തിൽ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കണം.
49 അങ്ങനെ ലേവ്യരാൽ വീണ്ടെടുക്കപ്പെട്ടവരുടെ എണ്ണത്തെ കവിയുന്നവരിൽനിന്ന് വീണ്ടെടുപ്പുവില മോശ വാങ്ങി.
൪൯ലേവ്യരെക്കൊണ്ട് വീണ്ടെടുത്തവരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
50 ഇസ്രായേല്യരുടെ ആദ്യജാതന്മാരിൽനിന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 1,365 ശേക്കേൽ വെള്ളി അദ്ദേഹം വാങ്ങി.
൫൦യിസ്രായേൽ മക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരത്തി മൂന്നൂറ്ററുപത്തഞ്ച് ശേക്കെൽ പണം വാങ്ങി.
51 യഹോവയുടെ വചനത്താൽ തനിക്കു കൽപ്പന ലഭിച്ചതിൻപ്രകാരം മോശ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും കൊടുത്തു.
൫൧യഹോവ മോശെയോട് കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.