< സംഖ്യാപുസ്തകം 20 >

1 ഒന്നാംമാസം ഇസ്രായേൽസഭ മുഴുവനും സീൻമരുഭൂമിയിൽ എത്തി. അവർ കാദേശിൽ താമസിച്ചു. അവിടെവെച്ച് മിര്യാം മരിച്ചു. അവളെ അവർ അവിടെ അടക്കി.
അനന്തരം യിസ്രായേൽ മക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻ മരുഭൂമിയിൽ എത്തി. ജനം കാദേശിൽ പാർത്തു. അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
2 എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു.
ജനത്തിന് കുടിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.
3 അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ!
ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.
4 ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു?
ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?
5 ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.”
ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ ഈജിപ്റ്റിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്ന് പറഞ്ഞു.
6 മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.
അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
7 യഹോവ മോശയോട് അരുളിച്ചെയ്തു:
യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.
8 “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”
എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം” എന്ന് അരുളിച്ചെയ്തു.
9 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു.
തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.
10 തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?”
൧൦മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു.
11 ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.
൧൧മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
12 എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.
൧൨പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു.
13 ഇസ്രായേൽമക്കൾ യഹോവയോടു കലഹിക്കുകയും അവരുടെമധ്യത്തിൽ അവിടന്ന് തന്റെ വിശുദ്ധി വെളിപ്പെടുത്തുകയുംചെയ്ത മെരീബാ ജലാശയം ഇതുതന്നെ.
൧൩ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
14 ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു: “നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ.
൧൪അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു:
15 ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി.
൧൫“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയകാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
16 എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. “ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു.
൧൬ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
17 നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.”
൧൭ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
18 എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു: “നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.”
൧൮നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. ഏദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെനേരെ പുറപ്പെടും” എന്ന് പറഞ്ഞു.
19 അതിന് ഇസ്രായേല്യർ, “ഞങ്ങൾ പ്രധാനനിരത്തിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ അതിനു വിലതരാം. ഞങ്ങൾക്കു കാൽനടയായി കടന്നുപോയാൽമാത്രം മതി—മറ്റൊന്നും വേണ്ട” എന്ന മറുപടി അറിയിച്ചു.
൧൯അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു.
20 വീണ്ടും അവർ മറുപടികൊടുത്തു: “നിങ്ങൾ കടന്നുപോയിക്കൂടാ.” അപ്പോൾ ഏദോം വലിയതും ശക്തവുമായ ഒരു സൈന്യത്തോടുകൂടി അവർക്കെതിരേ പുറപ്പെട്ടു.
൨൦അതിന് അവൻ “നീ കടന്നുപോകരുത്” എന്ന് പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്റെനേരെ പുറപ്പെട്ടു.
21 തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഏദോം അവർക്ക് അനുമതി നിഷേധിച്ചതിനാൽ, ഇസ്രായേൽ അവിടെനിന്നു പിന്തിരിഞ്ഞു.
൨൧ഇങ്ങനെ ഏദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു.
22 ഇസ്രായേൽസഭ മുഴുവനും കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിൽ എത്തി.
൨൨പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ട് ഹോർപർവ്വതത്തിൽ എത്തി.
23 ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും,
൨൩ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
24 “അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും. ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അദ്ദേഹം കടക്കുകയില്ല; കാരണം നിങ്ങൾ ഇരുവരും മെരീബയിലെ ജലാശയത്തിനരികിൽവെച്ച് എന്റെ കൽപ്പനയോടു മത്സരിച്ചു.
൨൪“അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.
25 അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക.
൨൫അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന്
26 അഹരോന്റെ വസ്ത്രങ്ങൾ ഊരി അവന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിക്കുക. കാരണം അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും; അദ്ദേഹം അവിടെ മരിക്കും” എന്ന് അരുളിച്ചെയ്തതു.
൨൬അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ച് മരിച്ച് തന്റെ ജനത്തോടു ചേരും”.
27 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു; സർവസമൂഹത്തിന്റെയും മുമ്പാകെ അവർ ഹോർ പർവതത്തിലേക്കു കയറിപ്പോയി.
൨൭യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.
28 മോശ അഹരോന്റെ വസ്ത്രങ്ങൾ ഊരി അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിച്ചു. അഹരോൻ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു. ഇതിനുശേഷം മോശയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു.
൨൮മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു.
29 അഹരോൻ മരിച്ചു എന്ന് സഭയെല്ലാം മനസ്സിലാക്കിയപ്പോൾ ഇസ്രായേൽഗൃഹം മുഴുവനും മുപ്പതുദിവസം അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
൨൯‘അഹരോൻ മരിച്ചുപോയി’ എന്ന് സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പത് ദിവസം വിലപിച്ചുകൊണ്ടിരുന്നു.

< സംഖ്യാപുസ്തകം 20 >