< സംഖ്യാപുസ്തകം 2 >

1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2 “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം.
3 യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു.
യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം.
4 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.
അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.
5 യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു.
അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം.
6 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.
അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
7 അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.
പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹോലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം.
8 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.
അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ.
9 യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.
10 രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു.
൧൦രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം.
11 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.
൧൧അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
12 ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു.
൧൨അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം.
13 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.
൧൩അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
14 ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു.
൧൪പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.
15 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.
൧൫അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
16 രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.
൧൬രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.
17 പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
൧൭പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.
18 എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു.
൧൮എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം.
19 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.
൧൯അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
20 മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.
൨൦അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം.
21 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.
൨൧അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ.
22 അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.
൨൨പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം.
23 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.
൨൩അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
24 എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.
൨൪എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.
25 ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു.
൨൫ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം.
26 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.
൨൬അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ.
27 അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു.
൨൭അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം.
28 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.
൨൮അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
29 നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു.
൨൯പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം.
30 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.
൩൦അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
31 ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
൩൧ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.
32 കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550.
൩൨യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു.
33 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
൩൩എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
34 അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.
൩൪യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

< സംഖ്യാപുസ്തകം 2 >