< സംഖ്യാപുസ്തകം 10 >
1 യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
2 “വെള്ളികൊണ്ട് അടിപ്പുപണിയായി രണ്ടു കാഹളങ്ങൾ ഉണ്ടാക്കുക; അവ സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തെ പുറപ്പെടുവിക്കാനും ഉപയോഗിക്കണം.
3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം.
4 ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം.
5 കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം.
6 രണ്ടാമത്തെ കാഹളധ്വനി മുഴക്കുമ്പോൾ തെക്കുഭാഗത്തുള്ള പാളയങ്ങൾ യാത്രപുറപ്പെടണം. ഇപ്രകാരം കാഹളധ്വനി മുഴക്കുന്നത് പുറപ്പാടിനുള്ള ചിഹ്നമായിരിക്കും.
7 സഭയെ വിളിച്ചുകൂട്ടാൻ കാഹളംമുഴക്കുമ്പോൾ, യാത്രപുറപ്പെടാനുള്ള കാഹളധ്വനി മുഴക്കരുത്.
8 “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങൾക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള നിയമം ആയിരിക്കണം.
9 നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ ഞെരുക്കുന്ന ഒരു ശത്രുവിനോടു നിങ്ങൾ യുദ്ധത്തിനുപോകുമ്പോൾ, കാഹളങ്ങൾ മുഴക്കി മുന്നറിയിപ്പുനൽകണം. അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർക്കുകയും നിങ്ങൾ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെടുകയും ചെയ്യും.
10 നിങ്ങൾക്ക് ആനന്ദമുണ്ടാകുന്ന അവസരങ്ങളിൽ, ഉത്സവങ്ങളിലും മാസാരംഭങ്ങളിലും, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അവ നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു സ്മാരകം ആയിരിക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”
11 രണ്ടാംവർഷം രണ്ടാംമാസം ഇരുപതാംതീയതി മേഘം ഉടമ്പടിയുടെ കൂടാരത്തിൽനിന്ന് ഉയർന്നു.
12 അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
13 മോശയിൽക്കൂടെ യഹോവ കൽപ്പിച്ചപ്രകാരം അവർ പുറപ്പെടുന്നത് ഇതാദ്യമായിരുന്നു.
14 യെഹൂദാപാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോൻ അവരുടെ സൈന്യാധിപനായിരുന്നു.
15 അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും
16 ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
17 ഇതിനുശേഷം സമാഗമകൂടാരം അഴിച്ചു താഴ്ത്തി; അതു വഹിച്ച് ഗെർശോന്യരും മെരാര്യരും യാത്രപുറപ്പെട്ടു.
18 രൂബേൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. ശെദെയൂരിന്റെ മകൻ എലീസൂർ അവരുടെ സൈന്യാധിപനായിരുന്നു.
19 സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ ശിമെയോൻ ഗോത്രഗണത്തിന്മേലും
20 ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
21 തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു.
22 എഫ്രയീം പാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമ അവരുടെ സൈന്യാധിപനായിരുന്നു.
23 പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും
24 ഗിദെയോനിയുടെ മകൻ അബീദാൻ ബെന്യാമീൻഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
25 ഒടുവിൽ, എല്ലാ ഗണങ്ങൾക്കും പിൻപടയായി ദാൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ യാത്രപുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ അവരുടെ സൈന്യാധിപനായിരുന്നു.
26 ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും
27 ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു,
28 ഇസ്രായേല്യഗോത്രങ്ങൾ യാത്രപുറപ്പെട്ടപ്പോൾ അവരുടെ അണിനീക്കത്തിന്റെ ക്രമം ഇതായിരുന്നു.
29 മോശ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്റെ പുത്രനായ ഹോബാബിനോടു പറഞ്ഞു: “‘ഞാൻ നിങ്ങൾക്കു തരും’ എന്ന് യഹോവ പറഞ്ഞ ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. ഞങ്ങളോടൊപ്പം വരിക, ഞങ്ങൾ താങ്കൾക്കു നന്മ ചെയ്യും. കാരണം, യഹോവ ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിരിക്കുന്നു.”
30 അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, ഞാൻ വരികയില്ല; ഞാൻ എന്റെ സ്വന്തം ദേശത്തേക്കും സ്വന്തജനങ്ങളുടെ ഇടയിലേക്കും പോകുകയാണ്.”
31 എന്നാൽ മോശ പറഞ്ഞു: “ദയവായി ഞങ്ങളെ പിരിയരുതേ! മരുഭൂമിയിൽ ഞങ്ങൾ എങ്ങനെ പാളയമടിക്കണം എന്നു താങ്കൾക്കറിയാം, താങ്കൾ ഞങ്ങൾക്കു കണ്ണുകളായിരിക്കും.
32 താങ്കൾ ഞങ്ങളോടൊപ്പം വന്നാൽ, യഹോവ ഞങ്ങൾക്കു നൽകുന്ന സകലനന്മയിലും താങ്കൾക്കു ഞങ്ങൾ ഓഹരി നൽകും.”
33 അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് യാത്രപുറപ്പെട്ട് മൂന്നുദിവസം സഞ്ചരിച്ചു. അവർക്കൊരു വിശ്രമസ്ഥലം കണ്ടെത്താൻ ആ മൂന്നു ദിവസങ്ങളിൽ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർക്കുമുമ്പായി പോയി.
34 അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു.
35 പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു: “യഹോവേ, എഴുന്നേൽക്കണേ! അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
36 അതു നിൽക്കുമ്പോഴൊക്കെയും അദ്ദേഹം പറഞ്ഞു: “യഹോവേ, ഇസ്രായേലിന്റെ എണ്ണിക്കൂടാത്ത ആയിരങ്ങളിലേക്കു മടങ്ങിവരണമേ.”