< മീഖാ 7 >
1 എന്റെ ദുരിതം എത്ര ഭയങ്കരം! ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ. എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല. ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല.
൧എനിക്ക് അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല.
2 വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു.
൨ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തൻ അവനവന്റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു.
3 ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്; ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു, ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു, ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു. അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു.
൩ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; മഹാൻ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവർ ആലോചന കഴിക്കുന്നു.
4 അവരിൽ ഉത്തമർ മുൾച്ചെടിപോലെ; ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ. നിന്റെ കാവൽക്കാർ മുന്നറിയിപ്പു നൽകിയ ദിവസം, ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു. ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്.
൪അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ ഭയങ്കരൻ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നെ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും.
5 അയൽവാസിയെ വിശ്വസിക്കരുത്; ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്. നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക.
൫കൂട്ടുകാരനെ വിശ്വസിക്കരുത്; സ്നേഹിതനിൽ ആശ്രയിക്കരുത്; നിന്റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം നിന്റെ വായുടെ കതക് കാത്തുകൊള്ളുക.
6 മകൻ അപ്പനെ അപമാനിക്കുന്നു, മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു, മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു— ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.
൬മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ.
7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും, എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.
൭ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.
8 എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്! വീണുപോയെങ്കിലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എന്റെ വെളിച്ചമായിരിക്കും.
൮എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു.
9 യഹോവ എന്റെ വ്യവഹാരം നടത്തി എന്റെ അവകാശം സ്ഥാപിക്കുന്നതുവരെ ഞാൻ അവിടത്തെ കോപം വഹിക്കും. കാരണം, ഞാൻ യഹോവയ്ക്കെതിരായി പാപംചെയ്തല്ലോ. അവിടന്ന് എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും; ഞാൻ അവിടത്തെ നീതിയെ കാണും.
൯യഹോവ എന്റെ വ്യവഹാരം നടത്തി എനിക്ക് ന്യായം പാലിച്ചുതരുവോളം ഞാൻ അവിടുത്തെ ക്രോധം വഹിക്കും; ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും ഞാൻ അവിടുത്തെ നീതി കണ്ട് സന്തോഷിക്കുകയും ചെയ്യും.
10 അപ്പോൾ എന്റെ ശത്രു അതു കാണും, അവൾ ലജ്ജകൊണ്ടു മൂടപ്പെടും. “നിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് എന്നോടു ചോദിച്ചവളുടെ പതനം എന്റെ കണ്ണ് കാണും; ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
൧൦എന്റെ ശത്രു അത് കാണും; “നിന്റെ ദൈവമായ യഹോവ എവിടെ” എന്ന് എന്നോട് പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
11 നിന്റെ മതിലുകൾ പണിയുകയും നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും.
൧൧നിന്റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: ആ നാളിൽ നിന്റെ അതിരുകൾ വിശാലമാകും.
12 ആ ദിവസത്തിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും, ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും.
൧൨ആ നാളിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിന്റെ പട്ടണങ്ങളിൽനിന്നും ഈജിപ്റ്റ് മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.
13 ഭൂമി അതിലെ നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തി നിമിത്തവും ശൂന്യമായിത്തീരും.
൧൩എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.
14 അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ, അങ്ങയുടെ അവകാശമായ ആട്ടിൻകൂട്ടത്തെത്തന്നെ മേയിക്കണമേ, കാട്ടിലും ഫലപുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലും വസിക്കുന്ന ഈ ആട്ടിൻകൂട്ടം പണ്ടത്തെപ്പോലെ ബാശാനിലും ഗിലെയാദിലും മേയട്ടെ.
൧൪കർമ്മേലിന്റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും അങ്ങയുടെ അവകാശവുമായി, അങ്ങയുടെ ജനമായ ആട്ടിൻകൂട്ടത്തെ അങ്ങയുടെ കോൽകൊണ്ട് മേയിക്കണമേ; പുരാതനകാലത്ത് എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
15 “നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.”
൧൫“നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും”.
16 രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും, തങ്ങളുടെ സകലശക്തിയും നഷ്ടപ്പെട്ടതുനിമിത്തംതന്നെ. അവർ വായ് പൊത്തും അവരുടെ ചെവികൾ കേൾക്കാതെയാകും.
൧൬രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വയ്ക്കുകയും ചെകിടരായിത്തീരുകയും ചെയ്യും.
17 അവൾ സർപ്പംപോലെ, ഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ പൊടിനക്കും. അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്നു വിറച്ചുകൊണ്ടുവരും; അവർ നിങ്ങളെ ഭയപ്പെട്ട് നമ്മുടെ ദൈവമായ യഹോവയിലേക്കു തിരിയും.
൧൭അവർ പാമ്പിനെപ്പോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്ന് വിറച്ചുകൊണ്ടു വരും; അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും, നിങ്ങൾ നിമിത്തം ഭയപ്പെടുകയും ചെയ്യും.
18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
൧൮അകൃത്യം ക്ഷമിക്കുകയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കുകയും ചെയ്യുന്ന അങ്ങയോട് സമനായ ദൈവം ആരുള്ളു? അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്.
19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും; അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
൧൯അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയ്തതുപോലെതന്നെ, അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.
൨൦പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത അവിടുന്ന് യാക്കോബിനോടും അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.