< മീഖാ 4 >
1 അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും ജനതകൾ അതിലേക്ക് ഒഴുകിയെത്തും.
൧വരും കാലങ്ങളില് യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.
2 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
൨അനേകം വംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവിടുന്ന് നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്ന് പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
3 അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും; അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
൩അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്ക് ദൂരത്തോളം വിധി കല്പിക്കുകയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.
4 ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല, കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു.
൪അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.
5 സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു; എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.
൫സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും.
6 “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും; പ്രവാസികളെയും ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൬“ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും
7 “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും; ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും. യഹോവ അന്നുമുതൽ എന്നേക്കും സീയോൻപർവതത്തിൽ അവരെ ഭരിക്കും.
൭മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും അകന്നുപോയതിനെ മഹാജനതയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
8 ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ, സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ, നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും; രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.”
൮“നീയോ, ഏദെർ ഗോപുരമേ, സീയോൻപുത്രിയുടെ ഗിരിയേ നിനക്ക്, പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്ക് വരും”.
9 നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്? നിങ്ങൾക്കു രാജാവില്ലേ? നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ? അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്?
൯നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്റെ അകത്ത് രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്?
10 സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ നീ വേദനകൊണ്ട് പുളയുക. ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട് തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും. നീ ബാബേലിലേക്കു പോകും; അവിടെവെച്ച് നീ മോചിക്കപ്പെടും. അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് യഹോവ നിന്നെ വീണ്ടെടുക്കും.
൧൦സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ട് പ്രസവിക്കുക; ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്ത് ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ച് നീ വിടുവിക്കപ്പെടും; അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും.
11 എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. “അവൾ അശുദ്ധയാക്കപ്പെടട്ടെ, നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു.
൧൧‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു.
12 എന്നാൽ, യഹോവയുടെ വിചാരങ്ങൾ അവർ അറിയുന്നില്ല; മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല.
൧൨എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകൾ പോലെ അവിടുന്ന് അവരെ കളത്തിൽ കൂട്ടുമല്ലോ.
13 “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും വെള്ളോട്ടിൻ കുളമ്പുകളും നൽകും. നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.
൧൩“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും”.