< മത്തായി 8 >

1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു.
യേശു മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു.
2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.
അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി.
യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി.
4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
യേശു അവനോട്: നോക്കു, ഇത് നീ ആരോടും പറയരുത്; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിനായി നീ ചെന്ന് നിന്നെത്തന്നെ അവർക്ക് കാണിച്ചു, മോശെ കല്പിച്ച വഴിപാട് കഴിക്ക എന്നു പറഞ്ഞു.
5 യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്,
യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്:
6 “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു.
കർത്താവേ, എന്റെ വേലക്കാരൻ തളർവാതം പിടിച്ച് കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
7 അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു.
യേശു അവനോട്: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.
8 അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.
അതിന് ശതാധിപൻ: കർത്താവേ, നീ എന്റെ വീടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ വേലക്കാരന് സൌഖ്യംവരും.
9 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു.
ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
10 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
൧൦അത് കേട്ടിട്ട് യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോട് പറഞ്ഞത്: യിസ്രായേലിൽകൂടെ ഇത്രവലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
11 യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും.
൧൧കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും.
12 എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’” എന്നു പറഞ്ഞു.
൧൨രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി.
൧൩പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നേ അവന്റെ വേലക്കാരന് സൌഖ്യംവന്നു.
14 യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു.
൧൪യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടക്കുന്നത് കണ്ട്.
15 യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.
൧൫അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷചെയ്തു.
16 സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.
൧൬വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.
17 “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു; ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.
൧൭അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി.
18 തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി.
൧൮എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിന്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു.
19 ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
൧൯അപ്പോൾ ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്നു പറഞ്ഞു.
20 അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
൨൦യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
21 മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
൨൧ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: കർത്താവേ, ഞാൻ മുമ്പേപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നു പറഞ്ഞു.
22 യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു.
൨൨യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു.
23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു.
൨൩പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്ന്.
24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു.
൨൪അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.
25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.
൨൫അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി.
26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.
൨൬യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി.
27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
൨൭അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
28 യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു.
൨൮അവൻ അക്കരെ ഗദരേന്യരുടെ ദേശത്തു എത്തിയപ്പോൾ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന് എതിരെ വന്നു; അവർ അക്രമാസക്തർ ആയിരുന്നതുകൊണ്ട് ആർക്കും ആ വഴി നടക്കുവാൻ കഴിഞ്ഞിരുന്നില്ല.
29 അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.
൨൯അവർ അവനോട് നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്ക് നിനക്കുമായിട്ട് എന്ത് കാര്യം? നിശ്ചയിച്ച സമയത്തിനു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു നിലവിളിച്ച് പറഞ്ഞു.
30 അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
൩൦അവിടെ അല്പം ദൂരത്തായി ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
31 ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.
൩൧ഭൂതങ്ങൾ അവനോട്: നീ ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്നു അപേക്ഷിച്ചു.
32 “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു.
൩൨പൊയ്ക്കൊൾവിൻ എന്നു അവൻ അവരോട് പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്ക് ചെന്ന്; ആ കൂട്ടം എല്ലാം കുത്തനെയുള്ള മലയിറങ്ങി കടലിലേക്ക് പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
33 പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു.
൩൩മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്ന് ഭൂതഗ്രസ്തർക്ക് സംഭവിച്ചത് ഒക്കെയും അറിയിച്ചു.
34 അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
൩൪ഉടനെ പട്ടണത്തിലുള്ളവരെല്ലാം പുറപ്പെട്ടു യേശുവിനെ കാണുവാൻ ചെന്ന്; അവനെ കണ്ടപ്പോൾ തങ്ങളുടെ പ്രദേശം വിട്ടു പോകണമെന്ന് അപേക്ഷിച്ചു.

< മത്തായി 8 >