< മത്തായി 4 >

1 ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
2 നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
3 അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 അതിന് യേശു, “‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
5 തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,
പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
6 “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. “‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7 യേശു അവനോട്, “‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”
യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
8 വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
9 “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.
വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
10 അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
11 അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
12 യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;
യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
13 നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.
നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു;
14 “സെബൂലൂൻ ദേശവും നഫ്താലി ദേശവും തടാകതീരവും യോർദാൻ അക്കരെ നാടും, യെഹൂദേതര ഗലീലയും— അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും വലിയൊരു പ്രഭ ദർശിച്ചു. മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു!” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.
“സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും
ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”
എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
17 ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു.
അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
18 യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.
അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
19 യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.
20 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
21 അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു,
അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
22 അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
23 യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.
24 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു.
അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
25 ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.
അവൻ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.

< മത്തായി 4 >