< മത്തായി 2 >
1 ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി.
൧ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി:
2 “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.
൨യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3 ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി.
൩ഹെരോദാരാജാവ് അത് കേട്ടിട്ട് അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി,
4 ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു.
൪ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോട് ചോദിച്ചു.
5 “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.
൫അവർ അവനോട്: പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ തന്നേ.
6 “‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ, ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ; നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത് ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’ എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”
൬“യെഹൂദ്യയിലെ ബേത്ത്-ലേഹേമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും” എന്നു പറഞ്ഞു.
7 അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി.
൭ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.
8 അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.
൮അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്ന് ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ,
9 അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു.
൯രാജാവ് പറഞ്ഞത് കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
൧൦നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു;
11 അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു.
൧൧ആ വീട്ടിൽചെന്ന്, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന് പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു.
12 ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.
൧൨ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
13 ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
൧൩അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ ‘‘എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
14 യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി;
൧൪ആ രാത്രിയിൽ യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു.
15 ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
൧൫ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.
16 ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.
൧൬കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ട് വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു.
17 “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു, രോദനവും അത്യുച്ചവിലാപവുംതന്നെ. റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു,” എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.
൧൭“റാമയിൽ ഒരു ശബ്ദം കേട്ട്, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
൧൮യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്ന് നിവൃത്തിയായി.
19 ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി,
൧൯എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ച് യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി:
20 “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു.
൨൦ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
21 യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു.
൨൧യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു.
22 എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു.
൨൨എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി.
23 അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.
൨൩അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്ന് പാർത്തു.