< മർക്കൊസ് 13 >
1 യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
൧യേശു ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുവൻ: “ഗുരോ, നോക്കൂ, എത്ര വിസ്മയകരമായ കല്ലുകളും പണികളും!” എന്നു അവനോട് പറഞ്ഞു.
2 യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു.
൨യേശു അവനോട്: “നീ ഈ വലിയ പണി കാണുന്നുവോ? ഇതെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതവണ്ണം തകർക്കപ്പെടും” എന്നു പറഞ്ഞു.
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്,
൩പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോട്:
4 “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
൪“അത് എപ്പോൾ സംഭവിക്കും? ഇതെല്ലാം സംഭവിപ്പാൻ പോകുന്നതിനുള്ള ലക്ഷണം എന്ത് എന്നു ഞങ്ങളോടു പറഞ്ഞാലും” എന്നു ചോദിച്ചു.
5 യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
൫യേശു അവരോട് പറഞ്ഞു തുടങ്ങിയത്: “ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
6 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
൬ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും വഴിതെറ്റിക്കും.
7 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
൭നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അത് സംഭവിക്കേണ്ടത് തന്നേ; എന്നാൽ അപ്പോഴും അവസാനമായിട്ടില്ല.
8 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
൮ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; പലയിടങ്ങളിലും ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭമത്രേ.
9 “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.
൯എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കുകയും പള്ളികളിൽവെച്ച് തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്ക് സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.
10 എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
൧൦എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
11 അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
൧൧അവർ നിങ്ങളെ പിടിച്ചുകൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്ത് പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്ക് ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നത് നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.
12 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
൧൨സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അവരുടെ മാതാപിതാക്കളുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
൧൩എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിയ്ക്കപ്പെടും.
14 “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
൧൪എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -- അന്ന് യെഹൂദ്യദേശത്ത് ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
15 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
൧൫പുരമുകളിൽ ഇരിക്കുന്നവൻ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുക്കുവാൻ കടക്കുകയോ അരുത്.
16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
൧൬വയലിൽ ഇരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്.
17 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം!
൧൭ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക.
൧൮എന്നാൽ അത് ശീതകാലത്ത് സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.
19 കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
൧൯ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ മഹാ കഷ്ടകാലം ആകും.
20 “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
൨൦കർത്താവ് ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിയ്ക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർനിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
21 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
൨൧അന്ന് ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്.
22 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
൨൨കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും.
23 ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു.
൨൩നിങ്ങളോ സൂക്ഷിച്ചുകൊള്ളുവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം, “‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
൨൪എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും
25 നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
൨൫ആകാശത്തുനിന്ന് നക്ഷത്രങ്ങൾ വീഴുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും.
26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും.
൨൬അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.
27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.
൨൭അന്ന് അവൻ തന്റെ ദൂതന്മാരെ അയച്ച്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാല് ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
28 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
൨൮അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
29 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
൨൯അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നത് കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
30 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല നിശ്ചയം.
൩൦ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
൩൧ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒരിക്കലും ഒഴിഞ്ഞുപോകയില്ല.
32 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
൩൨ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
33 സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
൩൩ആ സമയം എപ്പോഴാണെന്ന് നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രതയോടെ ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
34 ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.
൩൪ഇതു ഒരു മനുഷ്യൻ വീടുവിട്ട് പരദേശത്തുപോകുമ്പോൾ തന്റെ ദാസന്മാർക്ക് ആ വീടിന്റെ ചുമതലയും അവനവന് അതത് വേലയും കൊടുത്തിട്ട് വാതിൽ കാവൽക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
35 “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം.
൩൫യജമാനൻ സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു നിങ്ങൾ അറിയായ്കകൊണ്ട്,
36 അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്.
൩൬അവൻ പെട്ടെന്ന് വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ.
37 ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’”
൩൭ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.