< ലൂക്കോസ് 4 >
1 പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
2 അവിടെ അദ്ദേഹം നാൽപ്പതുദിവസം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അദ്ദേഹം ഒന്നും ഭക്ഷിച്ചിരുന്നില്ല, നാൽപ്പതുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
3 അപ്പോൾ പിശാച് യേശുവിനോട്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
4 അപ്പോൾ യേശു അവനോട്, “‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
5 തുടർന്ന് പിശാച് യേശുവിനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അദ്ദേഹത്തെ കാണിച്ചിട്ട്,
6 “ഈ രാജ്യങ്ങളുടെയെല്ലാം ആധിപത്യവും ഇവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; ഇവയെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളവന് ഞാൻ ഇതു കൊടുക്കുകയുംചെയ്യുന്നു.
7 നീ എന്റെമുമ്പിൽ ഒന്നു വീണുവണങ്ങുമെങ്കിൽ ഇതെല്ലാം നിനക്കുള്ളതായിത്തീരും” എന്ന് പിശാച് യേശുവിനോട് പറഞ്ഞു.
8 അപ്പോൾ യേശു അവനോട്, “‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
9 പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.
10 “‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും;
11 അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു.
12 അതിനുത്തരമായി യേശു, “‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
13 ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി.
14 യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു.
15 അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു.
16 യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു.
17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.
18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അന്ധർക്കു കാഴ്ചയും മർദിതർക്കു മോചനവും നൽകാനും,
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും, എന്നെ അയച്ചിരിക്കുന്നു.”
20 പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി.
21 അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.
22 എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു.
23 യേശു അവരോട്, “‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു.
24 അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
25 ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം.
26 എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്.
27 അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.”
28 ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു;
29 ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു.
30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി.
31 പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി.
32 അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
33 അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ,
34 “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
35 “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി.
36 ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!”
37 യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു.
38 യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു.
39 അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി.
40 സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി.
41 അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി.
42 പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.
43 എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു.
44 ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.