< ലൂക്കോസ് 3 >
1 റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു.
2 ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരുന്ന ഈ സമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
3 അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു:
4 “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക!
5 എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും.
6 എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.
7 തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?
8 മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.
9 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.”
10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
11 അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.
12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.
13 “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.
14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.
15 തങ്ങൾ ഉൽക്കടവാഞ്ഛയോടെ കാത്തിരുന്ന ക്രിസ്തു ഈ യോഹന്നാൻതന്നെ ആയിരിക്കുകയില്ലേ? എന്ന് ജനം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
16 അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.
17 വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
18 ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു.
19 എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു.
20 അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി.
21 ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു.
22 പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
23 യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്, ഹേലിയുടെ മകനായിരുന്നു,
24 ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ,
25 യോസേഫ് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ,
26 മയാത്ത് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ശെമയിയുടെ മകൻ, ശെമയി യോസെക്കിന്റെ മകൻ, യോസെക്ക് യോദായുടെ മകൻ,
27 യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരൂബ്ബാബേലിന്റെ മകൻ, സെരൂബ്ബാബേൽ ശലഥിയേലിന്റെ മകൻ, ശലഥിയേൽ നേരിയുടെ മകൻ,
28 നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എൽമാദാമിന്റെ മകൻ, എൽമാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ,
29 യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
30 ലേവി ശിമയോന്റെ മകൻ, ശിമയോൻ യെഹൂദയുടെ മകൻ, യെഹൂദ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
31 എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
32 ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സൽമോന്റെ മകൻ, സൽമോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ,
33 അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
34 യെഹൂദ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ, തേരഹ് നാഹോരിന്റെ മകൻ,
35 നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശേലാമിന്റെ മകൻ,
36 ശേലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമെക്കിന്റെ മകൻ,
37 ലാമെക്ക് മെഥൂശെലായുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
38 കയിനാൻ ഏനോശിന്റെ മകൻ, ഏനോശ് ശേത്തിന്റ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.