< ലൂക്കോസ് 2 >
1 ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു.
2 —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്—
3 അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി.
4 അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു.
5 തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്.
6 അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു.
7 മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല.
8 അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക്
9 കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു.
10 അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു.
11 ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”
13 ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്,
14 “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു.
15 ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു.
16 അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി.
18 ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി.
19 എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു.
20 തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി.
21 എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.
22 മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി.
23 “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും
24 “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
25 അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു.
26 കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു.
27 ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു.
28 അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
29 “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും.
30 അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നു! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.”
31
32
33 ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു.
34 പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും
35 അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു.
36 ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹംകഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം
37 വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു.
38 ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു.
39 കർത്താവിന്റെ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നതെല്ലാം നിർവഹിച്ചശേഷം യോസേഫും മറിയയും ഗലീലാപ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
40 പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു.
41 അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു.
42 യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി.
43 പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല.
44 യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി.
45 കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി.
46 മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.
47 യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു.
48 യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉത്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്നറിയാമോ?” എന്നു ചോദിച്ചു.
49 യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയില്ലേ?” എന്നു പ്രതിവചിച്ചു.
50 യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല.
51 അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.
52 യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.