< ലൂക്കോസ് 10 >

1 ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു.
അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു,
2 അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.
അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ.
3 പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്.
നിങ്ങൾ പണസഞ്ചിയും പൊക്കണവുംചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്;
5 “ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക.
ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക.
6 അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും.
അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും.
7 വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.
അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുതു.
8 “ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക.
ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക.
9 അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക.
ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക.
10 എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്,
൧൦ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ പോയി:
11 ‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക.
൧൧നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക.
12 ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും.
൧൨ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു.
൧൩കോരസീനേ, നിനക്ക് അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലുംവെണ്ണീറിലുംഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
14 എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും.
൧൪എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും.
15 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. (Hadēs g86)
൧൫നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
16 “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.”
൧൬യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല.
17 ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.
൧൭ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
18 അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു.
൧൮അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീഴുന്നത് ഞാൻ കണ്ട്.
19 ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
൧൯പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
20 എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”
൨൦എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
21 അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
൨൧ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
22 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനാരെന്ന് യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവാരെന്ന് അറിയുന്നില്ല” എന്നു പറഞ്ഞു.
൨൨എന്റെ പിതാവ് സകലവും എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ആഗ്രഹിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23 പിന്നെ യേശു ശിഷ്യന്മാർക്കുനേരേ തിരിഞ്ഞ് അവരോടുമാത്രമായി, “നിങ്ങൾ കാണുന്നത് കാണുന്ന നേത്രങ്ങൾ അനുഗ്രഹിക്കപ്പെട്ട നേത്രങ്ങൾ!
൨൩പിന്നെ യേശു ശിഷ്യന്മാരോട്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളതു.
24 കാരണം, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആഗ്രഹിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
൨൪നിങ്ങൾ കാണുന്നതിനെ കാണ്മാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25 ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” (aiōnios g166)
൨൫അതിനുശേഷം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്ത് ചെയ്യേണം എന്നു അവനെ പരീക്ഷിച്ച് ചോദിച്ചു. (aiōnios g166)
26 “എന്താണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്? നീ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു.
൨൬അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്
27 അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം; നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്നുത്തരം പറഞ്ഞു.
൨൭അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
28 യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു.
൨൮അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29 എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു.
൨൯അവൻ സ്വയം ന്യായീകരിക്കുവാൻ ആഗ്രഹിച്ചിട്ട് യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്
30 യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു.
൩൦യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരിഹോവിലേക്കു പോകുമ്പോൾ കള്ളന്മാർ അവനെ ആക്രമിച്ചു. അവർ അവനെ വസ്ത്രം അഴിച്ച്, മുറിവേല്പിച്ചു, അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
31 ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി,
൩൧ആ വഴിയായി യാദൃശ്ചികമായി ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ട് മാറി കടന്നുപോയി.
32 അതുപോലെതന്നെ ഒരു ലേവ്യനും അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി.
൩൨അതുപോലെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ട് മാറി കടന്നുപോയി.
33 എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി.
൩൩എന്നാൽ ഒരു ശമര്യക്കാരൻ അതുവഴി പോകയിൽ അവന്റെ അടുക്കൽ എത്തി. അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന്.
34 അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു.
൩൪എണ്ണയുംവീഞ്ഞുംപകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിൽ കൊണ്ടുപോയി രക്ഷിച്ചു.
35 പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു.
൩൫പിറ്റെ ദിവസം അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന് കൊടുത്തു: ഇവന് ആവശ്യമുള്ള ശുശ്രൂഷ ചെയ്യേണം; അധികം വല്ലതും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോട് പറഞ്ഞു.
36 “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു.
൩൬കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്ക് തോന്നുന്നു?
37 “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു. “നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.
൩൭അവനോട് കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോട് നീയും പോയി അങ്ങനെ തന്നെ ചെയ്ക എന്നു പറഞ്ഞു.
38 യേശു ശിഷ്യന്മാരുമായി യാത്ര തുടരവേ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്കു സ്വാഗതംചെയ്തു.
൩൮പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.
39 അവൾക്കു മറിയ എന്നു വിളിക്കുന്ന ഒരു സഹോദരി ഉണ്ടായിരുന്നു. മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകൊണ്ടിരുന്നു.
൩൯അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40 മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
൪൦മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും എന്നു പറഞ്ഞു.
41 അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു.
൪൧കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു.
42 എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു.
൪൨എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല.

< ലൂക്കോസ് 10 >