< ലേവ്യപുസ്തകം 6 >
1 യഹോവ മോശയോട് അരുളിച്ചെയ്തു:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2 “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ—
൨“ഒരുവൻ പാപംചെയ്തു യഹോവയോട് അതിക്രമം പ്രവർത്തിച്ചു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യമോ സംബന്ധിച്ച് കൂട്ടുകാരനോട് വ്യാജം പറയുകയോ കൂട്ടുകാരനോട് വഞ്ചന ചെയ്യുകയോ
൩കാണാതെപോയ വസ്തു കണ്ടിട്ടും അതിനെക്കുറിച്ച് വ്യാജം പറഞ്ഞു മനുഷ്യൻ പാപം ചെയ്യുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്യുകയോ ചെയ്തിട്ട്
4 ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ
൪അവൻ പാപംചെയ്ത് കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ
5 താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം.
൫താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥന് കൊടുക്കണം.
6 ആ വ്യക്തി അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും നിർദിഷ്ട വിലയുള്ളതുമായ ഒരു ആണാടിനെ യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
൬അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7 ഈ വിധത്തിൽ പുരോഹിതൻ ആ മനുഷ്യനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അയാൾ ചെയ്ത കുറ്റമൊക്കെയും ക്ഷമിക്കും.”
൭പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോട് ക്ഷമിക്കും”.
8 യഹോവ മോശയോട് അരുളിച്ചെയ്തു:
൮യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
9 “അഹരോനും പുത്രന്മാർക്കും ഈ കൽപ്പന കൊടുക്കുക: ‘ഹോമയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗം രാത്രിമുഴുവനും രാവിലെവരെ യാഗപീഠത്തിലെ നെരിപ്പോടിലിരിക്കണം; യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കുകയും വേണം.
൯“നീ അഹരോനോടും അവന്റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗം രാത്രിമുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം.
10 പുരോഹിതൻ പരുത്തിനൂൽവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുകൊണ്ട് യാഗപീഠത്തിൽ ഹോമയാഗം ദഹിച്ചുണ്ടാകുന്ന ചാരം എടുത്തു യാഗപീഠത്തിന്റെ ഒരുവശത്തു വെക്കണം.
൧൦പുരോഹിതൻ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽ കൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം.
11 പിന്നെ അദ്ദേഹം ആ വസ്ത്രങ്ങൾ മാറി വേറെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു പാളയത്തിനുപുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്തേക്ക് ആ ചാരം കൊണ്ടുപോകണം.
൧൧അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകണം.
12 യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം.
൧൨യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കണം.
13 യാഗപീഠത്തിലെ തീ നിരന്തരമായി കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്.
൧൩യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.
14 “‘ഭോജനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിനുമുമ്പിൽ അതു കൊണ്ടുവരണം.
൧൪“‘ഭോജനയാഗത്തിന്റെ പ്രമാണം ഇതാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കണം.
15 പുരോഹിതൻ ഒരുപിടി നേരിയമാവും ഒലിവെണ്ണയും ഭോജനയാഗത്തിനുള്ള കുന്തിരിക്കം മുഴുവനും എടുത്ത്, സ്മാരകഭാഗമായി യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ദഹിപ്പിക്കണം.
൧൫പുരോഹിതൻ ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
16 അതിൽ ബാക്കിയുള്ളത് അഹരോനും പുത്രന്മാരും ഭക്ഷിക്കണം; എന്നാൽ അതു പുളിപ്പില്ലാത്തതായി വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അവർ അതു സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവെച്ചു ഭക്ഷിക്കണം.
൧൬അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അത് പുളിപ്പില്ലാത്തതായി തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അത് തിന്നണം.
17 അതു പുളിപ്പുചേർത്തു ചുടരുത്; എനിക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽ ഇതു ഞാൻ അവർക്ക് ഓഹരിയായി കൊടുത്തിരിക്കുന്നു. പാപശുദ്ധീകരണയാഗവും അകൃത്യയാഗവുംപോലെതന്നെ ഇത് ഏറ്റവും വിശുദ്ധമാണ്.
൧൭അത് പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അത് ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.
18 അഹരോന്റെ മക്കളിൽ ഏതൊരാണിനും ദഹനയാഗങ്ങളിൽനിന്ന് ഭക്ഷിക്കാം. അത് യഹോവയ്ക്ക് അർപ്പിക്കുന്ന യാഗത്തിൽനിന്ന് അദ്ദേഹത്തിനു തലമുറതലമുറയായി എന്നെന്നേക്കുമുള്ള അവകാശമാണ്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും.’”
൧൮അഹരോന്റെ മക്കളിൽ ആണുങ്ങൾക്ക് അത് തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിങ്ങൾക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം’”.
19 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
൧൯യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
20 “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അദ്ദേഹവും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട വഴിപാട് ഇതാണ്: നിരന്തരം അർപ്പിക്കേണ്ട ഭോജനയാഗത്തിനായി ഒരു ഓമെർ നേരിയമാവ്, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം
൨൦“അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കണം.
21 അത് എണ്ണചേർത്ത് അപ്പച്ചട്ടിയിൽ പാകംചെയ്യണം; നന്നായി കുഴച്ച് കഷണങ്ങളാക്കി അർപ്പിക്കണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഭോജനയാഗം.
൨൧അത് എണ്ണചേർത്ത് ചട്ടിയിൽ ചുടണം; അത് കുതിർത്ത് അകത്ത് കൊണ്ടുവരണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കണം.
22 മഹാപുരോഹിതനായി തന്റെ പിൻതുടർച്ചക്കാരനാകേണ്ട പുത്രൻ അതു പാകംചെയ്യണം. അത് യഹോവയ്ക്കു നിത്യമായ ഓഹരി. അതു പൂർണമായി ദഹിപ്പിക്കപ്പെടണം.
൨൨അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കണം; എന്നേക്കുമുള്ള ചട്ടമായി അത് മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കണം;
23 ഒരു പുരോഹിതന്റെ ഓരോ ഭോജനയാഗവും പൂർണമായി ദഹിപ്പിക്കണം; അതു ഭക്ഷിക്കാൻ അനുവാദമില്ല.”
൨൩പുരോഹിതന്റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കണം; അത് തിന്നരുത്”.
24 യഹോവ മോശയോട് അരുളിച്ചെയ്തു:
൨൪യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
25 “അഹരോനോടും പുത്രന്മാരോടും പറയുക: ‘പാപശുദ്ധീകരണയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്തുവെച്ചു പാപശുദ്ധീകരണയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറക്കണം; അത് ഏറ്റവും വിശുദ്ധമാണ്.
൨൫“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കണം; അത് അതിവിശുദ്ധം.
26 അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ, വിശുദ്ധസ്ഥലത്തുവെച്ച് അതു ഭക്ഷിക്കണം.
൨൬പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അത് തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നണം.
27 ആ മാംസത്തിൽ സ്പർശിക്കുന്നതെന്തും വിശുദ്ധമായിരിക്കും, ഒരു വസ്ത്രത്തിൽ രക്തം തെറിച്ചാൽ നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ചു കഴുകണം.
൨൭അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.
28 ആ മാംസം പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം, എന്നാൽ അത് ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ, ആ പാത്രം വെള്ളത്തിൽ തേച്ചുകഴുകണം.
൨൮അത് വേവിച്ച മൺപാത്രം ഉടച്ചുകളയണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അത് തേച്ചു വെള്ളംകൊണ്ട് കഴുകണം.
29 ഒരു പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു പുരുഷനും അതു ഭക്ഷിക്കാം; അത് ഏറ്റവും വിശുദ്ധമാണ്.
൨൯പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നണം; അത് അതിവിശുദ്ധം.
30 വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം കഴിക്കാനായി സമാഗമകൂടാരത്തിൽ രക്തം കൊണ്ടുവരുന്ന പാപശുദ്ധീകരണയാഗം ഭക്ഷിക്കരുത്; അതു ചുട്ടുകളയണം.
൩൦എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗമൃഗത്തിന്റെ മാംസം തിന്നരുത്; അത് തീയിൽ ഇട്ടു ചുട്ടുകളയണം.