< ലേവ്യപുസ്തകം 4 >
1 യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 “ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ—
൨“യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപംചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -
3 “‘മഹാപുരോഹിതൻ സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.
൩അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.
4 അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം.
൪അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കണം.
5 ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം.
൫അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
6 അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം.
൬പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
7 പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
൭പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
8 പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും,
൮പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്ന് നീക്കണം.
9 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം—
൯വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കണം.
10 സമാധാനയാഗമായി അർപ്പിച്ച കാളയുടെ മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
൧൦സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അത് ദഹിപ്പിക്കണം.
11 എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും
൧൧കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
12 ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം.
൧൨അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അത് ചുട്ടുകളയണം.
13 “‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്.
൧൩“‘യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,
14 അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം.
൧൪ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്
15 ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.
൧൫സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം.
16 എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം.
൧൬അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
17 പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.
൧൭പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
18 അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
൧൮അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
19 അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം.
൧൯കാളക്കിടാവിന്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
20 പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും.
൨൦പാപയാഗത്തിനുള്ള കാളയെ, അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് സഭയോട് ക്ഷമിക്കും.
21 പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.
൨൧പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
22 “‘ഒരു പ്രമാണി മനഃപൂർവമല്ലാതെ പാപംചെയ്ത്, തന്റെ ദൈവമായ യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ അവൻ കുറ്റക്കാരനാണ്.
൨൨“‘ഒരു പ്രമാണി പാപംചെയ്യുകയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ
23 അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
൨൩അവൻ ചെയ്ത പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരണം.
24 അവൻ ആ കോലാടിന്റെ തലയിൽ കൈവെച്ചു ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് യഹോവയുടെമുമ്പാകെ അതിനെ അറക്കണം. അത് ഒരു പാപശുദ്ധീകരണയാഗം.
൨൪അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കണം; അത് ഒരു പാപയാഗം.
25 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് കുറെ പാപശുദ്ധീകരണയാഗരക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
൨൫പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
26 അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും.
൨൬ആൺകോലാടിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ പ്രമാണിയുടെ പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
27 “‘ദേശത്തിലെ ജനത്തിൽ ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്ത്, യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ ആ മനുഷ്യൻ കുറ്റക്കാരനാണ്.
൨൭“‘സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീർന്നാൽ
28 അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
൨൮പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരണം.
29 അയാൾ പാപശുദ്ധീകരണയാഗത്തിന്റെ തലയിൽ കൈവെച്ചു ഹോമയാഗസ്ഥലത്ത് അതിനെ അറക്കണം.
൨൯പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചശേഷം ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കണം.
30 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് അതിന്റെ കുറെ രക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം, ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
൩൦പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
31 പുരോഹിതൻ സമാധാനയാഗത്തിൽനിന്നുള്ള മേദസ്സു നീക്കംചെയ്തതുപോലെ മേദസ്സു മുഴുവനും നീക്കംചെയ്ത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അതിനെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇങ്ങനെ പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
൩൧അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
32 “‘ആരെങ്കിലും പാപശുദ്ധീകരണയാഗമായി ഒരു ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ അർപ്പിക്കണം.
൩൨“‘അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരണം.
33 അയാൾ തന്റെ കൈ അതിന്റെ തലയിൽവെച്ച്, ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് പാപശുദ്ധീകരണയാഗത്തിനായി അറക്കണം.
൩൩പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കണം.
34 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
൩൪പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
35 സമാധാനയാഗത്തിൽ ആട്ടിൻകുട്ടിയുടെ മേദസ്സു നീക്കംചെയ്തതുപോലെ അയാൾ മേദസ്സു മുഴുവൻ നീക്കണം. പുരോഹിതൻ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗമെന്നപോലെ അതിനെ ദഹിപ്പിക്കണം. അയാൾ ചെയ്ത പാപത്തിനു പുരോഹിതൻ ഈ വിധം പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
൩൫അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കണം; അവൻ ചെയ്ത പാപത്തിന് പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.