< ലേവ്യപുസ്തകം 24 >
1 യഹോവ മോശയോട് അരുളിച്ചെയ്തു:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2 “വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക.
൨“ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക.
3 സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്.
൩സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു.
4 യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം.
൪അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കണം.
5 “നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം.
൫“നീ നേരിയ മാവ് എടുത്ത് അതുകൊണ്ട് പന്ത്രണ്ട് ദോശ ചുടണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കണം.
6 യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക.
൬അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വെക്കണം.
7 ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്.
൭ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കണം.
8 ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം.
൮അവൻ അത് നിത്യനിയമമായിട്ടു യിസ്രായേൽ മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവക്കണം.
9 അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.”
൯അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു”.
10 ഒരു ഇസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ ഇസ്രായേൽമക്കളുടെ ഇടയിൽ ചെന്നു. അവനും ഒരു ഇസ്രായേല്യനുമായി ശണ്ഠകൂടി.
൧൦അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ യിസ്രായേൽ മക്കളുടെ മദ്ധ്യേ ചെന്ന്; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യേനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠകൂടി.
11 ഇസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകളായ ശെലോമീത്ത് ആയിരുന്നു.
൧൧യിസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്ക് ശെലോമീത്ത് എന്നു പേര്. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.
12 യഹോവയുടെഹിതം വ്യക്തമാകുന്നതുവരെ അവർ അവനെ തടവിൽവെച്ചു.
൧൨യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു.
13 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:
൧൩അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്:
14 “ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോകുക; അവനെ കേട്ടവരെല്ലാവരും അവരുടെ കൈകൾ അവന്റെ തലമേൽ വെക്കണം, പിന്നീട് സഭമുഴുവനും അവനെ കല്ലെറിയണം.
൧൪“ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലണം.
15 ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ കുറ്റക്കാരനാകും;
൧൫എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.
16 യഹോവയുടെ നാമം ദുഷിക്കുന്ന വ്യക്തിയെ കൊല്ലണം. സഭമുഴുവനും ആ മനുഷ്യനെ കല്ലെറിയണം. പ്രവാസിയായാലും സ്വദേശിയായാലും യഹോവയുടെ നാമം ദുഷിക്കുന്നവർ മരണശിക്ഷ അനുഭവിക്കണം.
൧൬യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; സഭയൊക്കെയും അവനെ കല്ലെറിയണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
17 “‘ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
൧൭മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
18 ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ.
൧൮മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കണം.
19 ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം.
൧൯ഒരുവൻ കൂട്ടുകാരനു കേട് വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോട് ചെയ്യണം.
20 ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം.
൨൦ഒടിവിനു പകരം ഒടിവ്, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റേയാളിനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തണം.
21 ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
൨൧മൃഗത്തെ കൊല്ലുന്നവൻ അതിന് പകരം കൊടുക്കണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
22 പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’”
൨൨നിങ്ങൾക്ക് പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’”.
23 ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ചെയ്തു.
൨൩ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്നു മോശെ യിസ്രായേൽ മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.