< ലേവ്യപുസ്തകം 18 >

1 യഹോവ മോശയോട് അരുളിച്ചെയ്തു,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്.
നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
4 നിങ്ങൾ എന്റെ നിയമം അനുസരിക്കയും എന്റെ ഉത്തരവുകൾ പ്രമാണിക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5 എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുക; കാരണം അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും. ഞാൻ യഹോവ ആകുന്നു.
ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
6 “‘നിങ്ങളിൽ ആരും രക്തബന്ധമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരെ സമീപിക്കരുത്, ഞാൻ യഹോവ ആകുന്നു.
നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.
7 “‘നിന്റെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു നിന്റെ പിതാവിനെ അപമാനിക്കരുത്. അവൾ നിന്റെ മാതാവല്ലോ; അവളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.
8 “‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.
അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
9 “‘പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവർ വീട്ടിൽ ജനിച്ചവരോ പുറത്തുജനിച്ചവരോ ആകട്ടെ, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.
10 “‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; കാരണം, അതു നിന്നെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.
11 “‘നിന്റെ പിതാവിനു ജനിച്ചവളും അയാളുടെ ഭാര്യയുടെ മകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ സഹോദരിയാണല്ലോ.
നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.
12 “‘നിന്റെ പിതാവിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ പിതാവിന്റെ അടുത്ത ബന്ധുവാണല്ലോ.
അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
13 “‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ബന്ധുവാണല്ലോ.
അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
14 “‘നിന്റെ പിതാവിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അങ്ങനെ നീ അദ്ദേഹത്തെ അപമാനിക്കരുത്; അവൾ നിന്റെ അമ്മായിയാണല്ലോ.
അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ.
15 “‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.
നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.
16 “‘സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ സഹോദരനെ അപമാനിക്കുന്നതിനു തുല്യമാണല്ലോ.
സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
17 “‘ഒരു സ്ത്രീയുമായും അവളുടെ മകളുമായും ലൈംഗികബന്ധത്തിലേർപ്പെടരുത്. അവളുടെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; അവർ അടുത്ത ബന്ധുക്കളാണല്ലോ. അതു ദുഷ്ടതയാണ്.
ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവർ അടുത്ത ചാർച്ചക്കാരല്ലോ; അതു ദുഷ്കർമ്മം.
18 “‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.
ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെകൂടെ പരിഗ്രഹിക്കരുതു.
19 “‘ഋതുകാലത്തെ അശുദ്ധിയിൽ കഴിയുന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.
20 “‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.
കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.
21 “‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അർപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
22 “‘സ്ത്രീയോടെന്നപോലെ ഒരുവൻ പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിഷിദ്ധമാണ്.
സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത.
23 “‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.
യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പിൽ നിൽക്കയും അരുതു; അതു നികൃഷ്ടം.
24 “‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്.
ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.
25 ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു.
ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.
26 എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്.
ഈ മ്ലേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.
27 കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു.
നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
28 നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും.
ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.
29 “‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
ആരെങ്കിലും ഈ സകലമ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
30 എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’”
ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

< ലേവ്യപുസ്തകം 18 >