< ലേവ്യപുസ്തകം 11 >

1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2 “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
“നിങ്ങൾ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്
3 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
മൃഗങ്ങളിൽ കുളമ്പ് പിളർന്നിരിക്കുന്നതും കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതിനെയെല്ലാം നിങ്ങൾക്ക് ഭക്ഷിക്കാം.
4 “‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നിരിക്കുന്നവയിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങൾ ഇവയാണ്: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നതല്ലാത്തതിനാൽ അത് നിങ്ങൾക്ക് അശുദ്ധം.
5 കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.
കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
6 മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പ് പിര്‍ളന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
പന്നി; കുളമ്പ് പിളർന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്; ഇവയുടെ ശവം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.
9 “‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
“‘വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്ക് ഭക്ഷിക്കാവുന്നവ ഇവയാണ്: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ എല്ലാം നിങ്ങൾക്ക് ഭക്ഷിക്കാം.
10 എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
൧൦എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലിക്കുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
11 അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
൧൧അവ നിങ്ങൾക്ക് അറപ്പായി തന്നെ ഇരിക്കണം. അവയുടെ മാംസം തിന്നരുത്; അവയുടെ ശവം നിങ്ങൾക്ക് അറപ്പായിരിക്കണം.
12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
൧൨ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
13 “‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്
൧൩“‘പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,
14 ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,
൧൪കടൽറാഞ്ചൻ, ഗൃദ്ധ്രം, അതത് വിധം പരുന്ത്,
15 എല്ലാ ഇനത്തിലുംപെട്ട കാക്ക,
൧൫അതത് വിധം കാക്ക, ഒട്ടകപ്പക്ഷി,
16 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
൧൬പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ,
17 നത്ത്, നീർക്കാക്ക, കൂമൻ,
൧൭നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ,
18 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
൧൮വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ,
19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
൧൯അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും
20 “‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.
൨൦ചിറകുള്ള ഇഴജാതിയിൽ നാലുകാലുകൊണ്ടു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
21 നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.
൨൧എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാലു കൊണ്ട് നടക്കുന്ന എല്ലാ ജീവികളിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്ക് ഭക്ഷിക്കാം.
22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.
൨൨ഇവയിൽ അതത് വിധം വെട്ടുക്കിളി, അതത് വിധം വിട്ടിൽ, അതത് വിധം ചീവീട്, അതത് വിധം തുള്ളൻ എന്നിവയെ നിങ്ങൾക്ക് ഭക്ഷിക്കാം.
23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
൨൩ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
24 “‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
൨൪“‘അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
൨൫അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
26 “‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.
൨൬കുളമ്പ് പിളർന്നതെങ്കിലും കുളമ്പ് രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗങ്ങളും നിങ്ങൾക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കണം.
27 നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
൨൭നാലുകാലുകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്ക് അശുദ്ധം; അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
28 അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
൨൮അവയുടെ ശവം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അവ നിങ്ങൾക്ക് അശുദ്ധം.
29 “‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,
൨൯“‘നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്:
30 അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ
൩൦പെരിച്ചാഴി, എലി, അതത് വിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവൻ.
31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
൩൧എല്ലാ ഇഴജാതികളിലുംവച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
32 അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.
൩൨ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അത് മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടണം; അത് സന്ധ്യവരെ അശുദ്ധമായിരിക്കണം; പിന്നെ ശുദ്ധമാകും.
33 അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.
൩൩അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതെല്ലാം അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയണം.
34 ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.
൩൪തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;
35 അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.
൩൫അവയിൽ ഒന്നിന്റെ ശവം വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അത് തകർത്തുകളയണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്ക് അശുദ്ധം ആയിരിക്കണം.
36 എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.
൩൬എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; ശവം തൊടുന്നവൻ അശുദ്ധനാകും.
37 നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.
൩൭വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ ശവം വീണാലും അത് ശുദ്ധമായിരിക്കും.
38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
൩൮എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ ശവം അതിന്മേൽ വീണാൽ അത് അശുദ്ധം.
39 “‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
൩൯“‘നിങ്ങൾക്ക് ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതിന്റെ ശവം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
40 ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
൪൦അതിന്റെ ശവം ഭക്ഷിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അതിന്റെ ശവം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
41 “‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.
൪൧“‘നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ ഭക്ഷിക്കരുത്.
42 ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.
൪൨ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാലുകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ ഭക്ഷിക്കരുത്; അവ അറപ്പാകുന്നു.
43 ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
൪൩യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങൾ മലിനപ്പെടുംവിധം നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.
44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
൪൪ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധരായിരിക്കണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.
45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
൪൫ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം.
46 “‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
൪൬“‘ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷിക്കാവുന്ന മൃഗത്തെയും ഭക്ഷിക്കരുതാത്ത മൃഗത്തെയും തമ്മിലും
47 നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’”
൪൭വേർതിരിക്കേണ്ടതിന് ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലിക്കുന്ന സകലജന്തുക്കളെയും നിലത്ത് ഇഴയുന്ന സകലജീവികളെയും പറ്റിയുള്ള പ്രമാണം ആകുന്നു’”.

< ലേവ്യപുസ്തകം 11 >