< വിലാപങ്ങൾ 4 >
1 സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ, തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ! അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും ചിതറിപ്പോയിരിക്കുന്നു.
൧അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു.
2 സീയോന്റെ അമൂല്യസന്തതികൾ ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ, ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ! കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!
൨തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3 കുറുനരികൾപോലും അതിന്റെ കുട്ടികളെ മുലയൂട്ടി പോറ്റുന്നു, എന്നാൽ എന്റെ ജനം മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു.
൩കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
4 ദാഹംകൊണ്ട് ശിശുക്കളുടെ നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു; മക്കൾ അപ്പം തിരക്കുന്നു, ആരും അവർക്കു കൊടുക്കുന്നില്ല.
൪മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5 ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു. ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു.
൫സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
6 ഒരു കൈപോലും സഹായിക്കാനില്ലാതെ ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട സൊദോമിന്റേതിലും വലിയതാണ് എന്റെ ജനത്തിന്റെ ശിക്ഷ.
൬സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7 അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു, അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത് അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു.
൭സിയോന്റെ നായകന്മാര്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8 എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്; തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല. അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി.
൮അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9 വാൾകൊണ്ട് മരിച്ചവർ ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ; നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട് വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു.
൯വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട് പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ, എന്റെ ജനത്തിന്റെ നാശത്തിങ്കൽ അവർക്ക് ഭക്ഷണമായിത്തീർന്നു.
൧൦കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്ത കൈകൊണ്ട് പാകം ചെയ്തു, എന്റെ ജനത്തിൻപുത്രിയുടെ നാശത്തിൽ അവർ ആഹാരമായിരുന്നു.
11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു; തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു. അവിടന്ന് സീയോനിൽ തീ കത്തിച്ചു. അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.
൧൧യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12 ശത്രുക്കൾക്കും വൈരികൾക്കും ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.
൧൨വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു. അവർ അവളുടെ ഉള്ളിൽത്തന്നെ നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.
൧൩അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,
14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.
൧൪അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, “ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” അവർ ഓടി അലഞ്ഞുതിരിയുമ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, “അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”
൧൫‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും.
16 യഹോവതന്നെ അവരെ ചിതറിച്ചു; അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല. പുരോഹിതന്മാർക്ക് ബഹുമാനമോ ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല.
൧൬യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
17 മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത് ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.
൧൭സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു. ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു, ഞങ്ങളുടെ അന്ത്യം വന്നിരുന്നു.
൧൮ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
19 ഞങ്ങളെ പിൻതുടരുന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു; അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന് മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
൧൯ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20 യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ, അവരുടെ കെണികളിൽ അകപ്പെട്ടു. ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.
൨൦ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; “അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ, ഉല്ലസിച്ച് ആനന്ദിക്കുക. എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും; നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.
൨൧ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും.
22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.
൨൨സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല; ഏദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.