< ന്യായാധിപന്മാർ 4 >
1 ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു.
൧ഏഹൂദിന്റെ മരണശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു.
2 അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ.
൨അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു; അവന്റെ സൈന്യാധിപനായ സീസെരാ മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു.
3 തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു.
൩യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽ മക്കളെ ഇരുപത് വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു.
4 ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്.
൪ആ കാലത്ത് ലപ്പീദോത്തിന്റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്
5 അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും.
൫അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും ഇടയിലുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽ മക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു.
6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക;
൬അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കാദേശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ട് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരംപേരെ ചേർത്തുകൊള്ളുക;
7 ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.”
൭ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിനക്കെതിരെ അണിനിരത്തും; അവനെ നിന്റെ കയ്യിൽ ഏല്പിക്കുമെന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
8 ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
൮ബാരാക്ക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്ന് പറഞ്ഞു.
9 അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
൯അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കുകയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കാദേശിലേക്ക് പോയി.
10 അവിടെ ബാരാക്ക് സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; അദ്ദേഹത്തിന്റെ പിന്നിൽ പതിനായിരം പടയാളികൾ അണിനിരന്നു. ദെബോറായും അദ്ദേഹത്തോടൊപ്പം പോയി.
൧൦ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കാദേശിൽ വിളിച്ചുകൂട്ടി; അവന്റെ ആജ്ഞപ്രകാരം പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെച്ചെന്നു.
11 എന്നാൽ കേന്യനായ ഹേബെർ, മോശയുടെ അളിയൻ ഹോബാബിന്റെ മക്കളായ, മറ്റു കേന്യരിൽനിന്നും പിരിഞ്ഞ് കേദേശിനരികെയുള്ള സാനന്നീമിലെ കരുവേലകത്തിനടുത്ത് കൂടാരമടിച്ചിരുന്നു.
൧൧എന്നാൽ കേന്യനായ ഹേബെർ, മോശെയുടെ അളിയൻ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ്, കാദേശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
12 അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയെ അറിയിച്ചു.
൧൨അബീനോവാബിന്റെ മകനായ ബാരാക്ക് താബോർപർവ്വതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരെക്ക് അറിവ് കൊടുത്തു.
13 സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും തന്റെ സർവസൈന്യത്തെയും ഹരോശെത്ത്-ഹഗോയിമിൽനിന്ന് കീശോൻതോട്ടിനരികെ കൂട്ടിവരുത്തി.
൧൩സീസെരാ തനിക്കുള്ള തൊള്ളായിരം ഇരിമ്പുരഥങ്ങളുമായി, പടജ്ജനത്തെ എല്ലാം ജാതികൾ പാർത്തിരുന്ന ഹരോശെത്തിൽനിന്നു കീശോൻ തോട്ടിന്നരികെ കൂട്ടിവരുത്തി.
14 അപ്പോൾ ദെബോറാ ബാരാക്കിനോട്, “പോകുക! യഹോവ സീസെരയെ താങ്കളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ദിവസം ഇന്നുതന്നെ. യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും പതിനായിരം പടയാളികളും താബോർപർവതത്തിൽനിന്നും ഇറങ്ങിച്ചെന്നു.
൧൪അപ്പോൾ ദെബോരാ ബാരാക്കിനോട്: “പുറപ്പെട്ടുചെല്ലുക; സീസെരയെ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന ദിവസം ഇന്നാകുന്നു; യഹോവ നിനക്ക് മുമ്പായി പുറപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോർപർവ്വതത്തിൽ നിന്ന് ഇറങ്ങിച്ചെന്നു,
15 യഹോവ സീസെരയെയും അയാളുടെ സകലരഥങ്ങളെയും ബാരാക്കിന്റെ മുമ്പിൽ തോൽപ്പിച്ച് സൈന്യത്തെ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. സീസെര സ്വന്തം രഥം ഉപേക്ഷിച്ച് ഓടിപ്പോയി.
൧൫യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളാൽ തോല്പിച്ചു; സീസെരാ രഥത്തിൽനിന്നു ഇറങ്ങി കാൽനടയായി ഓടിപ്പോയി.
16 ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹഗോയിംവരെ പിൻതുടർന്നു; സീസെരയുടെ സൈന്യംമുഴുവൻ വാളിനിരയായി. ഒരുത്തൻപോലും അവശേഷിച്ചില്ല.
൧൬ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ജാതികൾ പാർത്തിരുന്ന ഹരോശെത്ത്‌വരെ ഓടിച്ചു; സീസെരയുടെ സൈന്യമൊക്കെയും വാളാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.
17 എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു.
൧൭എന്നാൽ കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നതിനാൽ സീസെരാ കാൽനടയായി ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിച്ചെന്നു
18 യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.
൧൮യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട് “ഇങ്ങോട്ട് കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ട് കയറിക്കൊൾക” എന്ന് പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി.
19 “എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി.
൧൯അവൻ അവളോട്: എനിക്ക് ദാഹിക്കുന്നു; കുടിക്കുവാൻ കുറെ വെള്ളം തരേണമേ എന്ന് പറഞ്ഞു; അവൾ പാൽ പാത്രം തുറന്ന് അവന് കുടിക്കുവാൻ കൊടുത്തു; പിന്നെയും അവനെ മൂടി.
20 സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.”
൨൦അവൻ അവളോട്: “നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവരും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണം എന്ന് പറഞ്ഞു.
21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.
൨൧എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ, കൂടാരത്തിന്റെ ഒരു കുറ്റി എടുത്ത് കയ്യിൽ ചുറ്റികയും പിടിച്ച് പതുക്കെ അവന്റെ അടുക്കൽ ചെന്ന്, കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അത് നിലത്തുചെന്ന് ഉറച്ചു; അവൻ ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു; അങ്ങനെ അവൻ മരിച്ചുപോയി.
22 ബാരാക്ക് സീസെരയെ പിൻതുടർന്നു ചെല്ലുമ്പോൾ യായേൽ അദ്ദേഹത്തെ എതിരേറ്റു, “വരിക, താങ്കൾ അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. ബാരാക്ക് അവളുടെ അടുക്കൽ ചെന്നപ്പോൾ; അതാ, സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നു!
൨൨ബാരാക്ക് സീസെരയെ അന്വേഷിച്ച് ചെന്നപ്പോൾ യായേൽ അവനെ എതിരേറ്റ് അവനോട്: “വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞു. അവൻ അവളുടെ കൂടാരത്തിലെത്തിയപ്പോൾ സീസെരാ ചെന്നിയിൽ കുറ്റിയുമായി മരിച്ചു കിടക്കുന്നത് കണ്ടു.
23 ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി.
൨൩ഇങ്ങനെ ദൈവം അന്ന് കനാന്യരാജാവായ യാബീനെ യിസ്രായേൽ മക്കളുടെ മുമ്പിൽ കീഴടങ്ങുമാറാക്കി
24 കനാന്യരാജാവായ യാബീനെ ഉന്മൂലമാക്കുന്നതുവരെ ഇസ്രായേൽമക്കളുടെ കൈ അയാൾക്കെതിരേ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
൨൪യിസ്രായേൽ മക്കൾ കനാന്യരാജാവായ യാബീൻ നിശേഷം നശിക്കുന്നതുവരെ വരെ അവനെ പീഡിപ്പിച്ചു കൊണ്ടിരുന്നു.