< ന്യായാധിപന്മാർ 18 >
1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ തങ്ങൾക്ക് അധിവസിക്കാൻ ഒരു അവകാശഭൂമി അന്വേഷിച്ചു. ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിച്ചിരുന്നില്ല.
൧അക്കാലത്ത് യിസ്രായേലിൽ ഒരു രാജാവുമില്ലായിരുന്നു. ദാൻഗോത്രക്കാർ ആ സമയം തങ്ങൾക്ക് പാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം ലഭിച്ചിരുന്നില്ല.
2 ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.” അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു.
൨അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്ന് ദേശം ശോധന ചെയ്യുവിൻ” എന്ന് പറഞ്ഞു.
3 മീഖായാവിന്റെ വീടിനു സമീപം എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ഉച്ചാരണഭേദം തിരിച്ചറിഞ്ഞ് അവിടെ കയറി അവനോടു ചോദിച്ചു: “താങ്കളെ ഇവിടെ ആരാണ് കൊണ്ടുവന്നത്? ഇവിടെ എന്തുചെയ്യുന്നു? എന്തിനാണ് ഇവിടെ ആയിരിക്കുന്നത്?”
൩അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട് വരെ എത്തി, അവിടെ പാർത്തു. മീഖാവിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ട്, അവിടെ കയറിച്ചെന്ന് അവനോട് “നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്ത് ചെയ്യുന്നു? നിനക്ക് ഇവിടെ എന്ത് കിട്ടും” എന്ന് ചോദിച്ചു.
4 അയാൾ അവരോട്: “എനിക്ക് ഇതൊക്കെ ചെയ്തുതന്നിരിക്കുന്നത് മീഖാവാണ്; അദ്ദേഹം എന്നെ ശമ്പളത്തിനു നിർത്തിയിരിക്കുന്നു; ഞാൻ അദ്ദേഹത്തിന്റെ പുരോഹിതനാണ്” എന്നു പറഞ്ഞു.
൪അവൻ അവരോട്: “മീഖാവ് എനിക്ക് ഇപ്രകാരം ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന് നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു” എന്ന് പറഞ്ഞു.
5 അവർ അവനോട്, “ഞങ്ങളുടെ യാത്ര ശുഭകരമാകുമോ എന്നു ദൈവത്തോട് ചോദിച്ചറിഞ്ഞാലും” എന്നപേക്ഷിച്ചു.
൫അവർ അവനോട്: “ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ, എന്ന് അറിയേണ്ടതിന് ദൈവത്തോട് ചോദിക്കേണം” എന്ന് പറഞ്ഞു.
6 പുരോഹിതൻ അവരോട്, “നിങ്ങൾ സമാധാനത്തോടെ പോകുക; ഈ യാത്ര യഹോവയ്ക്കു സമ്മതമായിരിക്കുന്നു” എന്നു പറഞ്ഞു.
൬പുരോഹിതൻ അവരോട്: “സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്രയിൽ യഹോവയുടെ സാന്നിധ്യം ഉണ്ട്” എന്ന് പറഞ്ഞു.
7 അങ്ങനെ ആ അഞ്ചുപേരും അവിടംവിട്ട് ലയീശിൽ വന്നു. സീദോന്യരെപ്പോലെ സുരക്ഷിതരും സമാധാനത്തോടെ നിർഭയരായി ജീവിക്കുന്നവരുമായ അവിടത്തെ ജനത്തെ കണ്ടു. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു, അവർ സമ്പന്നരായിരുന്നു. സീദോന്യരിൽനിന്ന് അകലെ താമസിച്ചിരുന്ന ഇവർക്ക് മറ്റാരുമായും സംസർഗവും ഇല്ലായിരുന്നു.
൭അങ്ങനെ ആ അഞ്ച് പുരുഷന്മാരും പുറപ്പെട്ട് ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്ക് സംസർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി.
8 പര്യവേക്ഷണംചെയ്യാൻ പോയവർ മടങ്ങി സോരായിലും എസ്തായോലിലും ഉള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: “നിങ്ങൾ കൊണ്ടുവരുന്ന വാർത്ത എന്താണ്?”
൮പിന്നെ അവർ സോരയിലും എസ്തായോലിലുമുള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: “നിങ്ങൾ എന്ത് വർത്തമാനം കൊണ്ടുവരുന്നു” എന്ന് ചോദിച്ചു. അതിന് അവർ: “എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;
9 അതിന് അവർ: “വരിക, നമുക്കുചെന്ന് അവരെ ആക്രമിക്കാം! ആ ദേശം വളരെ നല്ലതെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നാം എന്തെങ്കിലും ചെയ്യണം. പോയി ആ ദേശം കൈവശമാക്കാൻ മടിക്കരുത്.
൯ആ ദേശം ബഹുവിശേഷം എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിന് പോകുവാൻ മടിക്കരുത്.
10 നിങ്ങൾ ചെല്ലുമ്പോൾ അവിടെ നിർഭയരായിരിക്കുന്ന ഒരു സമൂഹത്തെ കാണും; ദേശം വിശാലമായതാണ്. ദൈവം അത് നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; അത് യാതൊന്നിനും കുറവില്ലാത്ത സ്ഥലംതന്നെ” എന്നു പറഞ്ഞു.
൧൦നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അത് നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അത് ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നേ” എന്ന് പറഞ്ഞു.
11 അതിനുശേഷം ദാൻഗോത്രക്കാരിൽ അറുനൂറുപേർ സോരായിൽനിന്നും എസ്തായോലിൽനിന്നും യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
൧൧അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്ന് പുറപ്പെട്ടു.
12 അവർ യെഹൂദയിലെ കിര്യത്ത്-യെയാരീമിന് പടിഞ്ഞാറുചെന്ന് പാളയമിറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും മഹനേ-ദാൻ എന്നു പേര്.
൧൨അവർ ചെന്ന് യെഹൂദയിലെ കിര്യത്ത്-യെയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്ന് പേർ പറയുന്നു; അത് കിര്യത്ത്-യയാരീമിന്റെ പടിഞ്ഞാറുവശത്ത് ഇരിക്കുന്നു.
13 അവിടെനിന്നു അവർ എഫ്രയീം മലനാട്ടിലേക്കുപോയി അവിടെ മീഖായാവിന്റെ വീടിനു സമീപം എത്തി.
൧൩അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്ക് ചെന്ന് മീഖാവിന്റെ വീട്ടിൽ എത്തി.
14 അപ്പോൾ ലയീശ് ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന ആ അഞ്ചുപേർ തങ്ങളുടെ സഹോദരന്മാരോട് പറഞ്ഞു: “ഇവിടെ ഒരു വീട്ടിൽ ഒന്നിൽ ഒരു ഏഫോദും മറ്റു ഗൃഹബിംബങ്ങളും കൊത്തുപണിയും വാർപ്പുപണിയുമായ ഓരോ വിഗ്രഹവുമുണ്ട് എന്നതറിഞ്ഞുകൊൾക; ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് അറിയാമല്ലോ.”
൧൪അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ച് പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരോട്: “ഈ വീടുകളിൽ ഒരു ഏഫോദ്, ഒരു ഗൃഹബിംബം, കൊത്തുപണിയായ വിഗ്രഹം, വാർപ്പുപണിയായ വിഗ്രഹം എന്നിവ ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ചിന്തിച്ചുകൊൾവിൻ”.
15 അവർ മീഖായാവിന്റെ വീടിനോടു ചേർന്നുള്ള ലേവ്യയുവാവിന്റെ അടുക്കൽ ചെന്ന് അവരെ അഭിവാദനംചെയ്തു.
൧൫അവർ അങ്ങോട്ട് തിരിഞ്ഞ് മീഖാവിന്റെ വീട്ടിൽ താമസിക്കുന്ന ലേവ്യയുവാവിനെ അഭിവാദ്യം ചെയ്തു.
16 ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു.
൧൬യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു.
17 ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന അഞ്ചുപേരും അകത്തുകടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; അപ്പോൾ ആ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്നു.
൧൭ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന അഞ്ചുപേരും അകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
18 മീഖായാവിന്റെ വീട്ടിൽ കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും, വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?”
൧൮മീഖാവിന്റെ വീട്ടിന്നകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ: “നിങ്ങൾ എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചു.
19 “ശബ്ദിക്കരുത്! ഒന്നും മിണ്ടിപ്പോകരുത്. ഞങ്ങളോടുകൂടി വരിക; വന്ന് ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരുവന്റെ കുടുംബത്തിനുമാത്രം പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതല്ലേ നിനക്കു നല്ലത്?” എന്ന് അവർ ചോദിച്ചു.
൧൯അവർ അവനോട്: “മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിന് മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത്” എന്ന് ചോദിച്ചു.
20 അപ്പോൾ പുരോഹിതൻ സന്തുഷ്ടനായി, അദ്ദേഹംതന്നെ ആ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി.
൨൦അപ്പോൾ പുരോഹിതൻ സന്തോഷിച്ച് ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് പടജ്ജനത്തിന്റെ നടുവിൽ നടന്നു.
21 ഇങ്ങനെ അവർ കുഞ്ഞ് കുട്ടികളെയും ആടുമാടുകളെയും തങ്ങളുടെ സർവസമ്പത്തും മുന്നിലാക്കി യാത്രതിരിച്ചു.
൨൧ഇങ്ങനെ അവർ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും വസ്തുവകകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
22 അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു.
൨൨അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ, മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.
23 അവർ ദാന്യരെ കൂകിവിളിച്ചു; അവർ തിരിഞ്ഞുനിന്ന് മീഖായാവിനോട്, “താങ്കൾ ഇങ്ങനെ ആളുകളെ വിളിച്ചുകൂട്ടി യുദ്ധത്തിനു വരാൻ കാരണമെന്ത്?” എന്നു ചോദിച്ചു.
൨൩അവർ ദാന്യരെ ഉച്ചത്തിൽ വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: “നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്താണ് കാരണം?” എന്ന് ചോദിച്ചു.
24 “ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്നു ‘എനിക്ക് ഇനി എന്താണ് ഉള്ളത്?’” എന്ന് അദ്ദേഹം പറഞ്ഞു.
൨൪“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ച് കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളു? നിനക്ക് എന്ത് എന്ന് നിങ്ങൾ എന്നോട് ചോദിക്കുന്നത് എങ്ങനെ?” എന്ന് അവൻ പറഞ്ഞു.
25 ദാന്യർ അയാളോട്, “താങ്കൾ വാദപ്രതിവാദത്തിനൊരുങ്ങിയാൽ ക്ഷിപ്രകോപികൾ ആരെങ്കിലും കയർത്ത് താങ്കളെയും വീട്ടുകാരെയും കൊന്നുകളയും” എന്നു പറഞ്ഞു.
൨൫ദാന്യർ അവനോട്: “നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ അത്യന്തം കോപിഷ്ഠരായ ജനം നിന്നോട് കോപിച്ച് നിന്റെയും നിന്റെ വീട്ടുകാരുടെയും ജീവൻ നഷ്ടമാകുവാൻ ഇടയാകും” എന്ന് പറഞ്ഞു.
26 അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കുപോയി; അവർ തന്നിലും ബലമേറിയവരെന്നു കണ്ടതുകൊണ്ട് മീഖാവും വീട്ടിലേക്കു മടങ്ങിപ്പോന്നു.
൨൬അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.
27 മീഖാവ് പണിയിച്ചിരുന്നവയും അദ്ദേഹത്തിന്റെ പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സമാധാനത്തോടെ നിർഭയമായി ജീവിച്ചിരുന്ന ജനത്തിന്റെ അടുക്കൽ എത്തി. അവരെ വാൾകൊണ്ടാക്രമിച്ച് ആ പട്ടണം തീവെച്ചു നശിപ്പിച്ചു.
൨൭മീഖാവ് ഉണ്ടാക്കിയവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ച് ചുട്ടുകളഞ്ഞു.
28 ആ പട്ടണം സീദോനിൽനിന്ന് അകലെ ആയിരുന്നതിനാലും മറ്റാരുമായും അവർക്കു സംസർഗം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ബേത്-രഹോബ് താഴ്വരയിലായിരുന്നു ആ പട്ടണം. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ താമസമുറപ്പിച്ചു.
൨൮അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു;
29 ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു.
൨൯യിസ്രായേലിന് ജനിച്ച തങ്ങളുടെ പൂര്‍വ്വ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
30 ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് മോശയുടെ മകനായ ഗെർശോമിന്റെ മകൻ യോനാഥാനും അദ്ദേഹത്തിന്റെ പുത്രന്മാരും പുരോഹിതന്മാർ ആയിരുന്നു.
൩൦ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ പുത്രൻ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് പുരോഹിതന്മാരായിരുന്നു.
31 ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹംവെച്ച് അവർ പൂജിച്ചുപോന്നു.
൩൧ദൈവത്തെ ആരാധിക്കുന്ന കൂടാരം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് പണിയിപ്പിച്ച വിഗ്രഹം അവർ വച്ച് പൂജിച്ചുപോന്നു.