< യോശുവ 8 >
1 ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു.
അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
2 യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.”
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിപ്പു ആക്കേണം.
3 അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു:
അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയിൽ അയച്ചു,
4 “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം.
അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ.
5 ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും.
ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
6 ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ,
അവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
7 നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.
ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
8 പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”
പട്ടണം പിടിച്ചശേഷം നിങ്ങൾ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു.
9 അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു.
അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
10 അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു.
യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.
11 അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു.
അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.
12 യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി.
അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
13 അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.
അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി.
14 ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല.
ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
15 അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു.
യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
16 ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി.
അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
17 ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.
ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
18 അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി.
അപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
19 അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു.
അവൻ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഓടി പട്ടണത്തിൽ കയറി അതു പിടിച്ചു ക്ഷണത്തിൽ പട്ടണത്തിന്നു തീവെച്ചു.
20 ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു.
ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവർക്കു ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
21 പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു.
പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
22 പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു.
മറ്റവരും പട്ടണത്തിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
23 ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24 തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു.
യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
25 ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു.
അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നേ.
26 ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല.
ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
27 യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി.
യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നേ എടുത്തു.
28 പിന്നെ യോശുവ ഹായി പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു.
പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.
29 ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.
ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്നു ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്നു കൂട്ടുകയും ചെയ്തു.
30 യഹോവയുടെ ദാസനായ മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നതുപോലെ യോശുവ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു.
അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
31 മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ചെത്തുകയോ ഇരുമ്പുപകരണം തൊടുകയോ ചെയ്യാത്ത കല്ലുകൾകൊണ്ട് യാഗപീഠം ഉണ്ടാക്കി. അതിന്മേൽ അവർ യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
32 അവിടെ, ഇസ്രായേൽമക്കളുടെ സാന്നിധ്യത്തിൽ, യോശുവ മോശയുടെ ന്യായപ്രമാണം കല്ലുകളിന്മേൽ പകർത്തി.
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
33 എല്ലാ ഇസ്രായേല്യരും പ്രവാസിയും സ്വദേശിയും ഒരുപോലെ, അവരുടെ ഗോത്രത്തലവന്മാരോടും നേതാക്കന്മാരോടും ന്യായാധിപന്മാരോടുംകൂടി, യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന്റെ ഇരുവശങ്ങളിലുമായി, പേടകം വഹിച്ചിരുന്ന ലേവ്യരായ പുരോഹിതന്മാർക്കഭിമുഖമായി നിന്നിരുന്നു. പകുതിപേർ ഗെരിസീം പർവതത്തിന്റെ മുന്നിലും പകുതിപേർ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു; ഇസ്രായേൽജനത്തെ അനുഗ്രഹിക്കണമെന്നു യഹോവയുടെ ദാസനായ മോശ മുമ്പു കൽപ്പിച്ചിരുന്നതുപോലെതന്നെ.
എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
34 അതിനുശേഷം യോശുവ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അടങ്ങിയ നിയമത്തിലെ എല്ലാ വാക്കുകളും വായിച്ചു.
അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
35 സ്ത്രീകളും കുട്ടികളും അവരുടെ ഇടയിൽ താമസിച്ചിരുന്ന പ്രവാസികളുമുൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയെയും, മോശ കൽപ്പിച്ചിരുന്ന ഒരൊറ്റ വാക്കുപോലും വിടാതെ, യോശുവ വായിച്ചുകേൾപ്പിച്ചു.
മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭമുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.