< യോശുവ 5 >
1 ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു.
൧യിസ്രായേൽ മക്കൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; യിസ്രായേൽ മക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
2 ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു.
൨അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു.
3 അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു.
൩യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽവെച്ച് പരിച്ഛേദന ചെയ്തു.
4 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു.
൪യോശുവ പരിച്ഛേദന ചെയ്‌വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവച്ച് മരിച്ചുപോയിരുന്നു;
5 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല.
൫ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
6 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു.
൬ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണംവരെ യിസ്രായേൽ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു.
7 അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു.
൭എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു.
8 മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു.
൮സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു.
9 അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ എന്നു പേർ പറയുന്നു.
൯യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ എന്ന് പേർ പറയുന്നു.
10 ആ മാസം പതിന്നാലാംതീയതി സന്ധ്യക്ക് യെരീഹോസമഭൂമിയിലെ ഗിൽഗാലിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേൽമക്കൾ പെസഹാ ആഘോഷിച്ചു.
൧൦യിസ്രായേൽ മക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരിഹോ സമഭൂമിയിൽവെച്ച് പെസഹ കഴിച്ചു.
11 പെസഹായുടെ പിറ്റേന്നാൾതന്നെ അവർ ദേശത്തെ വിളവിൽനിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും മലരും ഭക്ഷിച്ചു.
൧൧പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
12 അവർ ദേശത്തെ വിളവിൽനിന്നുള്ള ഈ ഭക്ഷണം കഴിച്ചതിന്റെ അടുത്തദിവസംതന്നെ മന്ന നിന്നുപോയി. അതിനുശേഷം അവർക്കു മന്ന ലഭിച്ചതുമില്ല. അങ്ങനെ ആ വർഷംമുതൽ ഇസ്രായേല്യർ കനാൻദേശത്തെ വിളവു ഭക്ഷിച്ചു.
൧൨അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽ മക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.
13 യോശുവ യെരീഹോവിനു സമീപത്തായിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ മുമ്പിൽ നിൽക്കുന്നതു കണ്ടു; യോശുവ അവനോട്: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു.
൧൩യോശുവ യെരിഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെനേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്, “നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?” എന്ന് ചോദിച്ചു.
14 അതിന് അവൻ, “ആരുടെയും പക്ഷമല്ല; ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചു; “എന്റെ കർത്താവിന് അവിടത്തെ ദാസനോടുള്ള കൽപ്പന എന്ത്?” എന്നു ചോദിച്ചു.
൧൪അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു.
15 യഹോവയുടെ സൈന്യാധിപതി അവനോട്, “നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുകയാൽ നിന്റെ ചെരിപ്പ് ഊരുക” എന്നു പറഞ്ഞു. യോശുവ അപ്രകാരംചെയ്തു.
൧൫യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചു കളക” എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.