< യോശുവ 23 >

1 യഹോവ ഇസ്രായേലിന്, അതിനുചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സ്വസ്ഥതനൽകി. ഇങ്ങനെ വളരെക്കാലം കഴിഞ്ഞു, അപ്പോഴേക്കും യോശുവ വയോവൃദ്ധനായിത്തീർന്നു.
യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധൻ ആയശേഷം
2 അപ്പോൾ മുഴുവൻ ഇസ്രായേലിനെയും—അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും—വിളിച്ച് യോശുവ അവരോടു പറഞ്ഞു: “ഞാൻ വൃദ്ധനായിരിക്കുന്നു.
യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.
3 നിങ്ങളുടെ ദൈവമായ യഹോവ ഈ രാഷ്ട്രങ്ങളോടൊക്കെയും നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതെല്ലാം നിങ്ങൾതന്നെ കണ്ടിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു.
4 യോർദാൻമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ ശേഷിച്ച എല്ലാ രാഷ്ട്രങ്ങളുടെയും—ഞാൻ ആക്രമിച്ചു കീഴടക്കിയ എല്ലാ രാഷ്ട്രങ്ങളുടെയും—ഭൂപ്രദേശം മുഴുവൻ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗിച്ചുതന്നത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ.
ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു.
5 നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നീക്കിയതിനുശേഷം, നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശപ്പെടുത്തുകയും ചെയ്യും.
നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6 “ആകയാൽ നല്ല കരുത്തുള്ളവരായിരിക്കുക. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതൊക്കെയും, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, അനുസരിച്ചു നടക്കുന്നതിൽ ശ്രദ്ധവെക്കുക.
ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ.
7 നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ദേശവാസികളോട് ഇടകലരരുത്. അവരുടെ ദേവന്മാരുടെ പേരുകൾ പ്രസ്താവിക്കുകയോ ആ പേരു പറഞ്ഞ് ശപഥംചെയ്യുകയോ അരുത്. അവയെ സേവിക്കുകയോ നമസ്കരിക്കുകയോ അരുത്.
നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യംചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
8 നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നു നിൽക്കുക.
നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ.
9 “യഹോവ നിങ്ങളുടെമുമ്പിൽനിന്ന് വലുപ്പവും ബലവുമുള്ള ദേശവാസികളെ ഓടിച്ചുകളഞ്ഞു. നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരുത്തനും സാധിച്ചിട്ടില്ല.
യഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.
10 നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ, താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതിനാൽ, നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നേ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.
11 അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിൽ ഏറ്റവും ജാഗ്രത പാലിക്കുക.
അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
12 “എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് ദേശവാസികളിൽ ശേഷിച്ചവരോട് ഇടകലരുകയും അവരുമായി മിശ്രവിവാഹബന്ധത്തിലും മറ്റു ബന്ധങ്ങളിലും ഏർപ്പെടുകയും ചെയ്താൽ,
അല്ലാതെ നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ
13 മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക.
നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ.
14 “ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല.
ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
15 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ എല്ലാ നല്ല വാഗ്ദാനങ്ങളും നിറവേറിയതുപോലെതന്നെ, യഹോവ കൽപ്പിച്ചതുപോലെ ഈ നല്ല ദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുന്നതിന് എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തുന്നതിനും യഹോവയ്ക്കു കഴിയും.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേൽ വരുത്തും.
16 നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി നിങ്ങൾ ലംഘിക്കുകയോ അന്യദൈവങ്ങളുടെ അടുക്കൽപോയി അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെമേൽ ജ്വലിക്കുകയും, അവിടന്ന് നിങ്ങൾക്കു നൽകിയിട്ടുള്ള ഈ നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകുകയും ചെയ്യും.”
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

< യോശുവ 23 >