< യോശുവ 16 >

1 യോസേഫിന്റെ ഓഹരി യെരീഹോനീരുറവകൾക്കു കിഴക്കുള്ള യെരീഹോവിലെ യോർദാനിൽ ആരംഭിച്ചു മരുഭൂമിയിൽക്കൂടി മേൽപ്പോട്ടു മലനാടായ ബേഥേലിലേക്കു കടക്കുന്നു.
യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
2 ലൂസ് എന്ന ബേഥേലിൽനിന്ന് അർഖ്യരുടെ പ്രദേശത്തേക്ക് അതാരോത്തിൽക്കൂടി കടന്ന്
ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
3 പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ ദേശമായ താഴത്തെ ബേത്-ഹോരോൻവരെ താഴോട്ട് ചെന്ന്, ഗേസെരും കടന്ന്, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
4 അങ്ങനെ യോസേഫിന്റെ പിൻഗാമികളായ മനശ്ശെയ്ക്കും എഫ്രയീമിനും ഓഹരി ലഭിച്ചു.
അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
5 എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു: അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു;
എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
6 തുടർന്ന് അതു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു പോകുന്നു; വടക്കുള്ള മിക്‌മെഥാത്തിൽനിന്നും കിഴക്കോട്ടു വളഞ്ഞ് താനത്ത്-ശിലോവിന്റെ സമീപം കൂടി കിഴക്കുള്ള യാനോഹയിൽ എത്തുന്നു.
ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
7 അവിടെനിന്ന് അതാരോത്തും നയരായും ഇറങ്ങി യെരീഹോവിനെ സ്പർശിച്ചുകൊണ്ട് യോർദാനിങ്കൽ അവസാനിക്കുന്നു.
യാനോഹയുടെ കിഴക്കു കടന്നു യാനോഹയിൽനിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു.
8 തപ്പൂഹയിൽനിന്ന് ആ അതിര് പടിഞ്ഞാറോട്ട് കാനാമലയിടുക്കുവരെ ചെന്നു മെഡിറ്ററേനിയൻ സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീം ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി ഇതായിരുന്നു.
തപ്പൂഹയിൽനിന്നു ആ അതിർ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
9 മനശ്ശ്യരുടെ അവകാശത്തിനിടയിൽ എഫ്രയീമ്യർക്ക് വേർതിരിച്ചിട്ടിരുന്ന പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടി ഇതിൽ ഉൾപ്പെട്ടിരുന്നു.
മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയിൽ എഫ്രയീംമക്കൾക്കു വേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
10 അവർ ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞിരുന്നില്ല. ഇന്നുവരെ കനാന്യർ എഫ്രയീമ്യരുടെ ഇടയിൽ നിർബന്ധിതമായി ജോലിചെയ്തു പാർക്കുന്നു.
എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തു വരുന്നു.

< യോശുവ 16 >