< യോഹന്നാൻ 21 >
1 അതിനുശേഷം തിബെര്യാസ് തടാകത്തിന്റെ തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത് ഇപ്രകാരം ആയിരുന്നു:
൧അതിന്റെശേഷം യേശു പിന്നെയും തിബര്യാസ് കടല്ക്കരയിൽവച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധം ആയിരുന്നു:
2 ശിമോൻ പത്രോസും ദിദിമൊസ് എന്നു പേരുള്ള തോമസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.
൨ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
3 “ഞാൻ മീൻപിടിക്കാൻ പോകുന്നു,” ശിമോൻ പത്രോസ് പറഞ്ഞു. “ഞങ്ങളും പോരുന്നു,” എന്ന് കൂടെയുള്ളവരും പറഞ്ഞു. അങ്ങനെ അവർ, വള്ളത്തിൽ കയറി അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല.
൩ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടക് കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.
4 ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.
൪പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
5 യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു. “ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു.
൫യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോഎന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
6 “വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.
൬പടകിന്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടുംഎന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
7 യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി.
൭യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.
8 മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ ദൂരത്തിലായിരുന്നു.
൮മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു.
9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
൯കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്.
10 യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു.
൧൦യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല!
൧൧ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്ന് വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12 യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.
൧൨യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: നീ ആർ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല.
13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും.
൧൩യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെ തന്നെ.
14 മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്.
൧൪യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്.
15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു. “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു.
൧൫അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്കഎന്നു അവൻ അവനോട് പറഞ്ഞു.
16 യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു. “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു.
൧൬രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
17 മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.” അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു,
൧൭മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോഎന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.
18 “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.”
൧൮ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അരകെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു.
19 ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
൧൯യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
20 പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ച ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്?” എന്നു ചോദിച്ചത് ഇയാൾതന്നെ.
൨൦പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ.
21 അയാളെ കണ്ടിട്ടു പത്രോസ് യേശുവിനോട്, “കർത്താവേ, ഇദ്ദേഹത്തിന്റെ കാര്യം എന്താകും?” എന്നു ചോദിച്ചു.
൨൧അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഈ മനുഷ്യന് എന്ത് ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
22 അതിന് യേശു, “ഞാൻ മടങ്ങിവരുന്നതുവരെയും ഇവൻ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം? നീ എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
൨൨യേശു അവനോട്: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അത് നിനക്ക് എന്ത്? നീ എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
23 ഇതുനിമിത്തം, ആ ശിഷ്യൻ മരിക്കുകയില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നാൽ, അയാൾ മരിക്കുകയില്ല എന്ന് യേശു പറഞ്ഞില്ല; അവിടന്നു പറഞ്ഞത്, “ഞാൻ മടങ്ങിവരുന്നതുവരെ അയാൾ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം?” എന്നുമാത്രം ആയിരുന്നു.
൨൩ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
24 ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യംവഹിക്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങൾ അറിയുന്നു.
൨൪ഈ ശിഷ്യൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.
25 ഇവകൂടാതെ മറ്റ് അനേകകാര്യങ്ങളും യേശു ചെയ്തു. അവ ഓരോന്നും എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ കരുതുന്നു.
൨൫യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.