< യോഹന്നാൻ 20 >

1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു.
ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറയ്ക്കൽ ചെന്ന് കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ട്.
2 അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു.
അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യന്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു;
അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്ന്.
4 രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി.
ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി;
5 അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല.
കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ട്; എന്നാൽ അകത്ത് കടന്നില്ലതാനും.
6 പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു.
പിന്നീട് അവന്റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു
7 ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു.
ശീലകൾ അവിടെ കിടക്കുന്നതും, അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ട്.
8 കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു.
ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്ന് കണ്ട് വിശ്വസിച്ചു.
9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല.
അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല.
10 പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.
൧൦അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
11 എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി.
൧൧എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.
12 യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു.
൧൨യേശുവിന്റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ട്.
13 അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു. “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു.
൧൩അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോട് പറഞ്ഞു.
14 ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല.
൧൪ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ട്; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും.
15 “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.”
൧൫യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു എന്നു ചോദിച്ചു. അത് തോട്ടക്കാരനാകുന്നു എന്നു നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ട് പോയി എങ്കിൽ അവനെ എവിടെ വെച്ച് എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോട് പറഞ്ഞു.
16 യേശു അവളെ, “മറിയേ” എന്നു വിളിച്ചു. അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “റബ്ബൂനീ,” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം.
൧൬യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
17 യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട; എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.”
൧൭യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു.
18 അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു.
൧൮മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ട്” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.
൧൯ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
൨൦ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.”
൨൧യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം;” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.
൨൨ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
൨൩ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു.
24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല.
൨൪എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.
൨൫പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ട്” എന്നു പറഞ്ഞപ്പോൾ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോട് പറഞ്ഞു.
26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.”
൨൬എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.
27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
൨൭പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു.
28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.
൨൮തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.
൨൯യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.
30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു.
൩൦ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.
31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.
൩൧എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.

< യോഹന്നാൻ 20 >