< ഇയ്യോബ് 1 >
1 ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു.
൧ഊസ് ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
2 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
൨അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു.
3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം.
൩അവന് ഏഴായിരം (7,000) ആടുകളും മൂവായിരം (3,000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു.
4 അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു.
൪അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
5 ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.
൫എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപംചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
6 ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും അവരോടൊപ്പം ചെന്നിരുന്നു.
൬ഒരു ദിവസം ദൂതന്മാര്‍ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
7 യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി.
൭യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു.
8 യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു.
൮യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു.
9 സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്?
൯അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല?
10 അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു.
൧൦അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു.
11 എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.”
൧൧തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു.
12 അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി.
൧൨ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.
13 ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ,
൧൩ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
14 ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു.
൧൪ഒരു ദൂതൻ അവന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
15 ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!”
൧൫പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
16 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!”
൧൬അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
17 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
൧൭അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കൽദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
18 ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു.
൧൮അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു; “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
19 അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
൧൯പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാല് മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,
൨൦അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു:
21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
൨൧“നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ എനിക്ക് തന്നതെല്ലാം, യഹോവ എടുത്തുമാറ്റി, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
൨൨ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.