< ഇയ്യോബ് 1 >
1 ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു.
ഊസ്ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
2 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം.
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂൎവ്വദിഗ്വാസികളിലും മഹാനായിരുന്നു.
4 അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു.
അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‌വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
5 ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.
എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ്: പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
6 ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും അവരോടൊപ്പം ചെന്നിരുന്നു.
ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
7 യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി.
യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
8 യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു.
യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
9 സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്?
അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
10 അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു.
നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
11 എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.”
തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
12 അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി.
ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.
13 ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ,
ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
14 ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു.
ഒരു ദൂതൻ അവന്റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
15 ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!”
പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
16 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!”
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
17 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
18 ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു.
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.
19 അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,
അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:
21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗൎഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.